കൊച്ചിയിൽ അലഞ്ഞുനടന്ന കാസർകോട്ടുകാരി ഇനി പീസ്‍വാലിയുടെ തണലിൽ
text_fieldsകൊച്ചി: മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ച് എറണാകുളം മാർക്കറ്റിലൂടെ അലഞ്ഞുതിരിഞ്ഞുനടന്ന 40കാരിക്ക് തണലായി കോതമംഗലം നെല്ലിക്കുഴി പീസ് വാലി. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന ഈ വനിത, മാർക്കറ്റിലെത്തുന്നവർക്ക് അല്ലറചില്ലറ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് പീസ് വാലി പ്രവർത്തകർ ഇവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
ആക്രമാസക്തയായ ഇവരെ വനിതാ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഏറെ ശ്രമപ്പെട്ടാണ് മാർക്കറ്റിൽനിന്ന് മാറ്റിയത്. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന സ്ത്രീ കാസർകോട് സ്വദേശിനിയാണ് എന്നാണ് വിവരം.
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ വഴി പീസ് വാലി ഇവരെ ഏറ്റെടുക്കുകയായിരുന്നു. കൗൺസലിങ്ങും വൈദ്യസഹായവും നൽകിയതോടെ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പീസ് വാലി അധികൃതർ അറിയിച്ചു. ഉറ്റവരുടെ വിലാസവും സ്നേഹവും നഷ്ടപ്പെട്ട് തെരുവിൽ അലയുന്ന നിരവധി പേർക്ക് ഇതിനകം പീസ് വാലി അത്താണിയായിട്ടുണ്ട്.


