ഇ.എസ്.ഐ ആശുപത്രി രോഗക്കിടക്കയിൽ
text_fieldsകൊച്ചി: സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾക്കൊപ്പം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.ഐ) പദ്ധതിയുടെ നടത്തിപ്പിലും പരാധീനതകളേറെ. ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിയിൽ അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം 30 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. എന്നാൽ, മരുന്ന് വിതരണത്തിലെ താളപ്പിഴകളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമടക്കം പ്രശ്നങ്ങൾ പദ്ധതിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഇ.എസ്.ഐക്ക് കീഴിൽ സംസ്ഥാനത്ത് ഒമ്പത് സ്പെഷാലിറ്റി ആശുപത്രികളും 147 ഡിസ്പെൻസറികളുമാണുള്ളത്. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റോറിൽ നിന്നും ഫോർട്ടുകൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സബ് സ്റ്റോറുകളിൽ നിന്നുമാണ് ഇവിടങ്ങളിലേക്ക് മരുന്ന് വിതരണം. എന്നാൽ, 2023 ഡിസംബർ മുതൽ മൂന്നിടത്തും സ്വന്തമായി വാഹനമില്ല. കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കുകയായിരുന്നു. സ്വകാര്യ കമ്പനിയുമായുള്ള കരാറിലൂടെ വാടക വാഹനങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
വാടക കുടിശ്ശികയായതിനാൽ എറണാകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഒന്നര മാസത്തോളം മരുന്ന് വിതരണം മുടങ്ങി. സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ യഥാസമയം മരുന്ന് വിതരണം നടക്കാത്ത അവസ്ഥയാണ്. പലപ്പോഴും സ്റ്റോറുകളിൽ കെട്ടിക്കിടക്കുന്നു. ആശുപത്രികളിലും ഡിസ്പെൻസറികളിലും എത്തുമ്പോഴേക്കും മരുന്നുകളുടെ കാലാവധി നല്ലൊരു ഭാഗം കഴിഞ്ഞിട്ടുണ്ടാകും. മരുന്ന് വിതരണത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്കൊന്നും ഈ വാഹനങ്ങളുടെ സേവനം കിട്ടുകയുമില്ല.
പർച്ചേസ് ഓർഡർ നൽകിയാൽ മരുന്ന് ലഭിക്കാൻ മാസങ്ങളോളം വൈകുന്നതാണ് മറ്റൊരു പ്രശ്നം. ഓർഡർ നൽകിയിട്ടും ഇൻസുലിൻ യഥാസമയം കിട്ടാത്തതിനാൽ കരാർ മാറ്റി നൽകേണ്ടി വരുന്നുണ്ട്. 600 ഡോക്ടർമാരെങ്കിലും വേണമെങ്കിലും നിലവിൽ കരാറുകാരടക്കം 400ഓളം പേരാണുള്ളത്. ആശുപത്രികളിൽ ആവശ്യത്തിന് സ്പെഷലിസ്റ്റ് ഡോക്ടർമാരില്ല. ഇത് മൂലം മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുന്നു.
മെഡിക്കൽ സ്റ്റോറുകളിൽ സൂപ്രണ്ടുമാരെ നിയമിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഡയറക്ടർ ഇല്ലാതായിട്ട് ഒരു വർഷത്തോളമായി. കൊല്ലം റീജിയനൽ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടർക്കാണ് ചുമതല. ഡെപ്യൂട്ടേഷൻ, താൽക്കാലിക ക്രമീകരണം, അധിക ചുമതല എന്നിവയിലൂടെയാണ് ദൈനംദിന കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.
പരിഹാരത്തിന് തീവ്ര ശ്രമം
മൂന്ന് സ്റ്റോറുകളിലും പുതിയ വാഹനം അനുവദിക്കണമെന്ന അപേക്ഷ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. വർക്കിങ് ഗ്രൂപ്പും വിഷയം പരിഗണിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വാഹന വാടക കുടിശ്ശിക തീർക്കാൻ തുക അനുവദിച്ചിട്ടുണ്ട്. പ്രശ്ന പരിഹാര ശ്രമം തുടരുകയാണ്. ഡോ. വി.എ. സിനി പ്രിയദർശിനി (ഡയറക്ടർ ഇൻ ചാർജ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്)
-