ഇ.വി ചാർജിങ് സംസ്ഥാനത്ത് പരീക്ഷണ പദ്ധതി; ഇനി റോഡിൽനിന്ന് ചാർജ് ചെയ്യാം
text_fieldsപാലക്കാട്: ഇലക്ട്രിക് വാഹനങ്ങൾ ഓടുമ്പോൾ റോഡിൽ നിന്നും നിർത്തിയിടുമ്പോൾ പ്രതലത്തിൽ നിന്നും ചാർജ് ചെയ്യുന്ന സംവിധാനം സംസ്ഥാനത്ത് പരീക്ഷിക്കുന്നു. ഓടുമ്പോഴും നിർത്തിയിടുമ്പോഴും ബാറ്ററി ചാര്‍ജാകുന്ന പരീക്ഷണ പദ്ധതിക്ക് സംസ്ഥാനം നടപടി തുടങ്ങി. റോഡിന്റെ പ്രതലത്തിൽ സ്ഥാപിക്കുന്ന ട്രാൻസ്മിറ്റർ യൂനിറ്റും വാഹനത്തിനടിയിൽ സ്ഥാപിക്കുന്ന റിസീവർ പാഡും ഒരുമിച്ച് വരുമ്പോൾ ചാർജാകുന്ന സംവിധാനമാണിത്.
നിർത്തിയിടുമ്പോൾ ചാർജ് ചെയ്യുന്ന സംവിധാനമാണ് ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് പദ്ധതി ചുമതലയുള്ള ‘അനെർട്ട്’ ഇ-മൊബിലിറ്റി തലവൻ ജെ. മനോഹരൻ പറഞ്ഞു. ഇസ്രായേൽ കമ്പനിയായ ‘ഇലക്ട്രിയോണു’മായി അനെര്‍ട്ട് പ്രാഥമിക ചർച്ചകൾ നടത്തി. തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കാനാണ് തീരുമാനം. ഊർജവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ജ്യോതിലാലിന്റെ അനുമതിയോടെയായിരുന്നു പ്രാഥമിക ചർച്ച.
ഒ.എം.ഐ ഫൗണ്ടേഷന്റെ സാങ്കേതിക സഹായവും പദ്ധതിക്ക് ലഭിക്കും. വാഹനം ഓടുമ്പോൾ ചാർജ് ചെയ്യുന്ന സംവിധാനം യാഥാർഥ്യമാകണമെങ്കിൽ പണച്ചെലവേറും. 300 മീറ്റർ ചെയ്യണമെങ്കിൽ ആറു കോടി രൂപ വരും. സാമ്പത്തികലഭ്യത ഉറപ്പായാൽ സംവിധാനം രണ്ടാംഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.
ആദ്യം പാർക്കിങ് ചാർജിങ്
‘സ്റ്റാറ്റിക് ചാർജിങ്’ എന്ന, താൽക്കാലികമായി നിർത്തിയിടുന്ന കേന്ദ്രങ്ങളിലെ ചാർജിങ് പരീക്ഷണാടിസ്ഥാനത്തിൽ യാഥാർഥ്യമാക്കാനാണ് അനെർട്ടിന്റെ ശ്രമം. കെ.എസ്.ആർ.ടി.സി വൈദ്യുതി വാഹനങ്ങളിൽ റിസീവർ പാഡുകൾ സജ്ജമാക്കിയാകും പരീക്ഷണം. വിഴിഞ്ഞം-ബാലരാമപുരം റൂട്ടിനാണ് പ്രഥമ പരിഗണന. നെടുമ്പാശ്ശേരി വിമാനത്താവളം-കാലടി, നെടുമ്പാശ്ശേരി-അങ്കമാലി, നിലയ്ക്കല്‍-പമ്പ റൂട്ടുകളും പരിഗണനയിലുണ്ട്. പാര്‍ക്കിങ് സ്ഥലങ്ങൾക്കു പുറമെ ബസ് സ്റ്റേഷനുകളിലും ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും.
ചാർജിങ് സാധ്യമാകുന്നത്
നിരത്ത് പ്രതലങ്ങളിൽ വൈദ്യുത-കാന്തിക മണ്ഡലം സൃഷ്ടിച്ചാണ് ചാർജിങ് സാധ്യമാക്കുന്നത്. റോഡിൽ സ്ഥാപിക്കുന്ന ട്രാൻസ്മിറ്റർ പാഡും വാഹനത്തിനടിയിൽ സ്ഥാപിക്കുന്ന റിസീവർ പാഡും ഒരുമിച്ചുവരുമ്പോഴാണ് ചാർജാകുക. വൈദ്യുത-കാന്തിക പ്രഭാവത്തിന്റെ ഭാഗമായുണ്ടാകുന്ന വൈദ്യുതി, വാഹനത്തിലെ ബാറ്ററിയിലുള്ള റിസീവറിലേക്ക് കൈമാറും. ക്ലൗഡ് അധിഷ്ഠിത മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ ഇതെല്ലാം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ നിർദേശങ്ങള്‍ നല്‍കാനും കഴിയും. കാറുകളിൽ ഒരു റിസീവർ പാഡും ബസുകളിൽ മൂന്ന് റിസീവർ പാഡുകളുമാണ് സജ്ജമാക്കേണ്ടത്.
പണച്ചെലവ് തടസ്സം
ഇലക്ട്രിക് വാഹനങ്ങൾ ഓടുമ്പോൾ ചാർജ് ചെയ്യുന്ന സംവിധാനം യാഥാർഥ്യമാകണമെങ്കിൽ പണച്ചെലവ് ഏറെയാണ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനായി കേന്ദ്ര സർക്കാറിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അധികൃതരുമായി അനെർട്ട് ഓൺലൈൻ ചർച്ചകൾ നടത്തിക്കഴിഞ്ഞു. പി.എം. ഇ ഡ്രൈവ് സ്കീമിൽ ഉൾപ്പെടുത്തി കേന്ദ്രസഹായം ലഭിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്.