ഭരണം മാറിയിട്ടും സർക്കാറിന് ‘തലവേദന’യായി രഹസ്യപൊലീസിലെ ‘സി.പി.എം തലകൾ’!
text_fieldsതിരുവനന്തപുരം: ഭരണം മാറിയെങ്കിലും സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലുള്ള ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇടതുപക്ഷാനുകൂലികൾ. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പൊലീസ് സംഘടന ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ ‘സുഖജീവിത’ത്തിന് നിയോഗിച്ചത് സ്പെഷൽ ബ്രാഞ്ച് ഉൾപ്പെടെയുള്ളവയിലായിരുന്നു. 10 വർഷത്തോളമായി യൂനിഫോം ധരിക്കാതെ ജോലി ചെയ്യുന്ന ഈ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇപ്പോഴും സംസ്ഥാനത്തെ ‘രഹസ്യപൊലീസായി’ തുടരുകയാണ്. രാഷ്ട്രീയ താൽപര്യത്തിൽ എൽ.ഡി.എഫ് സർക്കാർ ജില്ല, സംസ്ഥാന സ്പെഷൽ ബ്രാഞ്ചുകളിൽ നിയമിച്ച ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ തുടരുന്നത് യു.ഡി.എഫിന് രാഷ്ട്രീയ തലവേദനയാകുകയാണ്. യു.ഡി.എഫ് അധികാരത്തിലേറിയ ശേഷം പൊലീസ് ഓഫിസേഴ്സ് അസോസിയേഷനിലെ ചില നേതാക്കളെ സ്പെഷൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽനിന്ന് മാറ്റിയതൊഴിച്ചാൽ മറ്റു കാര്യമായ സ്ഥലംമാറ്റ ഉത്തരവൊന്നും ഒരുമാസത്തോളമായിട്ടും ഇറങ്ങിയിട്ടില്ല.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിലുൾപ്പെടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഷ്ക്രിയത്വം പ്രകടമായിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടും അത് കൈമാറുന്നതിൽ സി.പി.എം അനുകൂലികളായ ചില ഉദ്യോഗസ്ഥർ ഗുരുതര വീഴ്ചവരുത്തിയതാണ് വലിയൊരു അക്രമത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോയത്. കേന്ദ്ര ഇന്റലിജൻസ് വിഭാഗം കൈമാറിയ റിപ്പോർട്ടിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പാളിച്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യു.ഡി.എഫ് അധികാരത്തിലേറിയപ്പോൾ തന്നെ സ്പെഷൽബ്രാഞ്ച് ഉൾപ്പെടെ ഇടങ്ങളിൽനിന്നും ഇടത് അനുകൂലികളെ മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, നാമമാത്ര മാറ്റങ്ങളാണുണ്ടായത്. കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനെ തുടർന്നും ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ടും തലസ്ഥാനത്തുണ്ടായ ആക്രമണങ്ങളിൽ കൃത്യമായ വിവരങ്ങളോ മുന്നറിയിപ്പോ മേലുദ്യോഗസ്ഥർക്ക് ലഭിക്കാത്തത് ഈ ഉദ്യോഗസ്ഥർ പ്രധാന സ്ഥാനത്ത് ഇരിക്കുന്നതിനാലാണെന്ന് യു.ഡി.എഫ് അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. ഇ.ഡി ആക്രമണത്തിൽ ഇപ്പോഴും നിരവധി പ്രതികളെ പിടികൂടാനുണ്ട്. എന്നാൽ, പൊലീസിന്റെ നീക്കങ്ങളേക്കാൾ വേഗത്തിൽ എൽ.ഡി.എഫ് കാര്യങ്ങൾ അറിഞ്ഞ് നീങ്ങുകയാണ്.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ സ്പെഷൽ ബ്രാഞ്ചിൽ അഴിച്ചുപണിയുണ്ടായി. അന്ന് യു.ഡി.എഫ് അനുകൂലികളെ വ്യാപകമായി മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. എന്നാൽ, വി.ഡി. സതീശൻ സർക്കാർ വന്നശേഷം നിലവിലെ ഉദ്യോഗസ്ഥർ സ്പെഷൽ ബ്രാഞ്ചിൽ തുടരട്ടെയെന്ന് നിലപാടെടുത്തത് സർക്കാറിനുതന്നെ തലവേദനയാകുകയാണ്.


