70ാം വയസ്സിലും ജലകോണ് കണ്ടെത്തി കിണര്‍ കുഴിച്ച് ശശിധരന്
text_fieldsശശിധരന്
നേമം: പ്രായത്തിന്റെ അവശതകളില്ലാതെ 70ാം വയസ്സിലും ഭൂമിയിലെ ജലകോണ് കൃത്യമായി കണ്ടെത്തി കിണര്‍ കുഴിച്ച് ശശിധരന്. വിളപ്പില്‍ശാല പുരവന്കോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ ശശിധരന് 16ാം വയസ്സില്‍ തുടങ്ങിയതാണ് കിണര്‍ നിർമാണം.
അരനൂറ്റാണ്ട് പിന്നിട്ട യാത്രക്കിടെ, ഇദ്ദേഹം കുഴിച്ചത് 1000ഓളം കിണറുകള്‍! പ്രദേശത്ത് മാത്രമല്ല, സമീപ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വീടുകള്‍ക്ക് ജലസമൃദ്ധിയേകാനുള്ള കിണര്‍ നിർമാണത്തില്‍ ശശിധരന്റെ കരങ്ങളുണ്ട്.
ഭൂമിയിലെ ജലകോണ് കണ്ടെത്താനുള്ള ശശിധരന്റെ കഴിവ് വിളപ്പില്ശാലക്കാര്ക്കറിയാം. എത്രയടി വെള്ളമുണ്ടാകുമെന്ന് കിണര്‍ കുഴിക്കുന്നതിനുമുമ്പ് ശശിധരന് പ്രവചിക്കും. അത് ഇന്നും കൃത്യമായി തുടരുന്നു. വെട്ടിയ കിണറുകളൊന്നും കടുത്ത വേനലില്‍ പോലും വറ്റിയിട്ടില്ല.
അധികം കട്ടിയില്ലാത്ത മണ്ണാണെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ ശശിധരന് കിണര്‍ നിർമാണം പൂര്‍ത്തിയാക്കും. പാരും ഉറപ്പും കൂടിയാല്‍ അതിനനുസരിച്ച് ദിവസങ്ങള്‍ നീളും. ഒരുകോല്‍ ആഴത്തിന് നിസ്സാര കൂലിക്ക് കിണര്‍ കുഴിക്കാനിറങ്ങിയതാണ് ശശിധരന്. ഇപ്പോള്‍ കോലിന് 1800 രൂപ കൂലിയായി. ഉത്സവകാലമായാല്‍ ദേവീക്ഷേത്രങ്ങളില്‍ തോറ്റംപാട്ട് ആശാനായി, വിളക്കുകെട്ടുണ്ടാക്കി താളം ചവിട്ടുന്ന അനുഷ്ഠാന കലാകാരനായി വേഷപ്പകര്ച്ചയുണ്ടാകും ശശിധരന്. ഉത്സവ സീസണ് കഴിഞ്ഞാല്‍ മണ്‍വെട്ടിയും പിക്കാസുമേന്തി വീണ്ടും ജലമനുഷ്യനായി മാറും ശരീരം അനുവദിക്കുന്നതുവരെ ശശിധരന് കിണറിന്റെ തൊടികള്‍ തീര്ത്തിറങ്ങും, നീരുറവ കണ്ടെത്താനായി.