കെ.ജെ. ഷൈനിന്റെ പരാതിയിൽ തെളിവ് ശേഖരണം തുടങ്ങി; സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങൾ തേടി മെറ്റക്ക് കത്ത് നൽകി
text_fieldsആലുവ: സി.പി.എം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തെളിവ് ശേഖരണം തുടങ്ങി. അപവാദ പ്രചാരണം നടന്ന സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ തേടി സൈബർ സംഘം മെറ്റക്ക് കത്ത് നൽകി. ഐ.പി അഡ്രസ്, പേഴ്സണൽ ഐ.ഡി, പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച നെറ്റ് വർക്ക് എന്നിവയുടെ വിശദാംശങ്ങളാണ് മെറ്റയോട് ഇമെയ്ൽ വഴി ആവശ്യപ്പെട്ടത്.
സമൂഹ മാധ്യമങ്ങളിൽ വന്ന അപവാദ പോസ്റ്റുകളും യൂട്യൂബ് വാർത്തകളും പ്രത്യേക സംഘം വിശദമായി പരിശോധിക്കുകയാണ്. മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണനാണ് അന്വേഷണ ചുമതല. റൂറൽ സൈബർ പൊലീസ് എസ്.എച്ച്.ഒയാണ് കേസ് അന്വേഷിക്കുന്നത്.
കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് കഴിഞ്ഞ ദിവസം കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പുകളും ഐ.ടി നിയമവും ചേർത്ത് യൂട്യൂബ് ചാനൽ, വെബ്പോർട്ടലുകൾ എന്നിവയെ പ്രതിയാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായസംഹിതയിലെ 78, 79, മൂന്ന് (അഞ്ച്), ഐ.ടി ആക്ട് 67, കേരള പൊലീസ് ആക്ട് 120 വകുപ്പുകളാണ് എഫ്.ഐ.ആറിലുള്ളത്. ഇടത് എം.എൽ.എയുമായി ബന്ധപ്പെടുത്തി സൈബർ പ്രചാരണം ഉണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വനിത കമീഷനും ഷൈൻ പരാതി നൽകുകയായിരുന്നു.
സി.കെ. ഗോപാലകൃഷ്ണൻ, കെ.എം. ഷാജഹാൻ എന്നിവർക്കെതിരെയാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി ഷൈനിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യംവെച്ചായിരുന്നു സൈബർ ആക്രമണമെന്നും ഷൈൻ ആരോപിക്കുന്നു.
അതേസമയം, തനിക്കെതിരായ കുപ്രചാരണം വലതുപക്ഷ ഗൂഢാലോചനയിൽ നിന്ന് ഉണ്ടായതാണെന്ന് കെ.ജെ. ഷൈൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും അടക്കമുള്ളവർക്ക് നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്ന് മൊഴിയെടുക്കാനെത്തിയ അന്വേഷണ സംഘത്തെ അവർ അറിയിച്ചു.
യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും നിസ്സഹായാവസ്ഥയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണം. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് ഇത് വന്നത്. പ്രതിപക്ഷ നേതാവ് അറിയാതെ ഇത്തരം കാര്യങ്ങളൊന്നും നടക്കില്ലെന്നും ഷൈൻ ആരോപിച്ചു.
അതേസമയം, ശത്രുക്കളെ ഇല്ലാതാക്കാൻ എന്ത് വിലകുറഞ്ഞ കാര്യവും ചെയ്യുകയാണെന്നും വ്യക്തിഹത്യയാണ് നടക്കുന്നതെന്നും ഇന്നത്തെ രാഷ്ട്രീയത്തിലുണ്ടായ അപചയമാണ് ഇതെന്നും ഷൈനിന്റെ ഭർത്താവ് ഡൈന്യൂസ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.