‘ആപ്’ വഴിയല്ലാതെ ഇ.വി ചാർജ് ചെയ്യാം; പരീക്ഷണ പദ്ധതിയുമായി ‘സീമൻസ്’, മാപ്പിൽ ചാർജിങ് കേന്ദ്രങ്ങളറിയാം
text_fieldsപാലക്കാട്: രാജ്യത്ത് ആദ്യമായി ആപ്പുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ കേരളത്തിൽ വരുന്നു. കെ.എസ്.ഇ.ബിക്കു കീഴിൽ എറണാകുളം പാലാരിവട്ടത്തെ ഇ.വി ചാർജിങ് സ്റ്റേഷനിൽ ജർമൻ കമ്പനിയായ ‘സീമൻസാ’ണ് പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സംവിധാനം കൊണ്ടുവരുന്നത്. നിലവിൽ ആപ് വഴിയാണ് ചാർജിങ് നടത്തി വോലറ്റിലൂടെ പണമടയ്ക്കുന്നത്. നെറ്റ്‌വർക്, സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ തുടങ്ങിയവയിൽ പരാതി ഉയർന്നതാണ് പുതിയ പരിഷ്കാരത്തിന്റെ പ്രധാന കാരണം.
ക്യു.ആർ കോഡുപയോഗിച്ച് പണമിടപാടുകൾ നടത്തുന്നതുപോലെ പണമടച്ച് ചാർജ് ചെയ്യാവുന്ന ലളിത സംവിധാനമാണിത്. ഇതിന്റെ ഭാഗമായി സീമൻസ് ഏറ്റെടുത്ത പാലാരിവട്ടത്തെ ഇ.വി ചാർജിങ് സ്റ്റേഷനുകളിൽ പുതിയ ചാർജർ സംവിധാനം കൊണ്ടുവരാൻ നടപടി തുടങ്ങി. തങ്ങളുടെ മറ്റു ചാർജിങ് സ്റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ കെ.എസ്.ഇ.ബി ബോർഡ് യോഗം തീരുമാനിച്ചു.
ഇ.വി റീചാർജിങ് ആധുനീകരിക്കുന്നതിന്റെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) നടപ്പാക്കുന്ന ‘റിഫ്രഷ് ആൻഡ് റീചാർജ്’ പദ്ധതിയുടെ ഭാഗമായായാണിത്. നിലവിലെ 63 ചാർജിങ് സ്റ്റേഷനുകളും ഈ’ രീതിയിൽ വികസിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ശുചിമുറി, വിശ്രമമുറി, കഫറ്റീരിയ എന്നിവയുൾപ്പെടെ സൗകര്യങ്ങൾ ഒരുക്കും.
അതിവേഗ ചാർജിങ് സാധ്യമാകുന്ന കേന്ദ്രങ്ങൾക്ക് ഏകീകൃത രൂപരേഖയാണ് പരിഗണിക്കുന്നത്.
സ്റ്റേഷനുകൾ അറിയാം, മാപ്പിലൂടെ
വാഹനങ്ങളുടെ ഡാഷ്‌ബോർഡ് സ്‌ക്രീനിൽതന്നെ ഗൂഗ്ൾ മാപ്പ്, മാപ്പ് മൈ ഇന്ത്യ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ചാർജിങ് സ്‌റ്റേഷനുകൾ ഉടൻ അടയാളപ്പെടുത്തും. വിശദ പദ്ധതിരേഖ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ തയാറാക്കും. ഡയറക്‌ടർ ബോർഡ് അനുമതി ലഭിച്ച ശേഷമാകും സംരംഭകരെ തേടുന്നതടക്കം തുടർനടപടികൾ.
പകൽ ചാർജ് ചെയ്യൂ, ലാഭിക്കൂ
പുതിയ വൈദ്യുതി താരിഫ് ഉത്തരവുപ്രകാരം പ്രതിമാസം വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാൻ ഒരു കിലോവാട്ട് വൈദ്യുതി ലോടെൻഷൻ 10 വിഭാഗത്തിന് ഏർപ്പെടുത്തിയിരുന്ന ഫിക്‌സ്‌ഡ് ചാർജ് 100 രൂപയും ഹൈടെൻഷൻ ആറ് വിഭാഗത്തിന് ഏർപ്പെടുത്തിയിരുന്ന ഡിമാൻഡ് ചാർജ് 290 രൂപയും ഒഴിവാക്കിയിരുന്നു. പകൽസമയത്ത് വൈദ്യുതി ചാർജിങ് പ്രോത്സാഹിപ്പിച്ച് രാത്രി അമിത ഉപഭോഗം തടയുകയെന്ന ലക്ഷ്യത്തോടെ രാവിലെ ഒമ്പതുമുതൽ നാലുവരെ സൗരമണിക്കൂറും ബാക്കി സമയം സൗരേതര മണിക്കൂറുമായി തിരിച്ച് ടൈം ഓഫ് ഡേ (ടി.ഒ.ഡി) താരിഫും നിശ്ചയിച്ചിട്ടുണ്ട്.