Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിതനിരക്ക്:...

അമിതനിരക്ക്: കരിപ്പൂരില്‍ നിന്ന് മാറാന്‍ അപേക്ഷ നല്‍കിയത് ആയിരത്തിലധികം ഹജ്ജ് തീര്‍ഥാടകര്‍, അധികം നല്‍കേണ്ടത് 41,580 രൂപ

text_fields
bookmark_border
അമിതനിരക്ക്: കരിപ്പൂരില്‍ നിന്ന് മാറാന്‍ അപേക്ഷ നല്‍കിയത് ആയിരത്തിലധികം ഹജ്ജ് തീര്‍ഥാടകര്‍, അധികം നല്‍കേണ്ടത് 41,580 രൂപ
cancel

കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിന് കരിപ്പൂർ വിമാനത്താവളം പുറപ്പെടല്‍ കേന്ദ്രമായി തിരഞ്ഞെടുത്തവര്‍ അമിതനിരക്ക് നല്‍കേണ്ടിവരുമെന്ന് ഉറപ്പായതോടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മാറാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് ആയിരക്കണക്കിന് തീര്‍ഥാടകര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 516 പേര്‍ക്ക് അധികമായി അവസരമുണ്ടെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.

തുടര്‍ന്ന് കരിപ്പൂരില്‍നിന്ന് കണ്ണൂരിലേക്ക് മാറാന്‍ 1,200ലധികം തീര്‍ഥാടകരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഞായറാഴ്ചയായിരുന്നു ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന അവസരം. കരിപ്പൂരില്‍നിന്ന് പുറപ്പെടുന്നവര്‍ 1,35,828 രൂപയാണ് നല്‍കേണ്ടത്. അതേസമയം, കണ്ണൂരില്‍നിന്നുള്ള യാത്ര നിരക്ക് 94,248 രൂപയും കൊച്ചിയില്‍ നിന്ന് 93,231 രൂപയുമാണ്. കണ്ണൂരിനെ അപേക്ഷിച്ച് കരിപ്പൂരില്‍ നിന്നുള്ള തീര്‍ഥാടകര്‍ 41,580 രൂപയാണ് അധികം നല്‍കേണ്ടിവരുന്നത്. കൂടുതല്‍ പേര്‍ യാത്ര പുറപ്പെടാന്‍ ആശ്രയിക്കുന്ന കേന്ദ്രം കൂടിയാണ് കരിപ്പൂർ വിമാനത്താവളം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ച 15,591 പേരില്‍ 5857 പേര്‍ കരിപ്പൂരിനെയാണ് പുറപ്പെടല്‍ കേന്ദ്രമായി തിരഞ്ഞെടുത്തത്.

കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് സര്‍വിസ് നടത്താന്‍ കഴിഞ്ഞ വര്‍ഷം 1.34,972 രൂപയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈടാക്കിയത്. ഇതിലുമധികം തുകയാണ് ഈ വര്‍ഷം യാത്രക്ക് മാത്രമായി നല്‍കേണ്ടിവരുന്നത്. അനീതി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ കാര്യമായ ഇടപെടലുണ്ടായിട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് അമിത നിരക്ക്. സംസ്ഥാന സര്‍ക്കാറും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഇക്കാര്യത്തില്‍ കത്തിടപാടുകളും മറ്റുമായി നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. ഒരു വിഭാഗം തീർഥാടകർ സുപ്രീംകോടതിയെ സമീപിച്ച ശേഷം കോടതി നിർദേശത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ നിന്നുള്ള നിരക്ക് കുറക്കാന്‍ ഇടപെടാനാകില്ലെന്നും പൂർണാധികാരം വിമാനക്കമ്പനിക്കാണെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കിയത്. വലിയ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നതെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും വിമാനക്കമ്പനിയും വിശദീകരിക്കുന്നത്.

അവസരം രണ്ടാം കേന്ദ്രമായി കണ്ണൂർ നല്‍കിയവര്‍ക്ക് മാത്രം

കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കണ്ണൂരിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയവരില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് മാനദണ്ഡപ്രകാരം. നിലവില്‍ കണ്ണൂരില്‍ നിന്ന് ലഭ്യമായ 516 അധിക യാത്രാവസരത്തിന് 1,200ല്‍പരം തീര്‍ഥാടകരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവരില്‍ നിന്ന് മുന്‍ഗണന ക്രമത്തിലാകും പട്ടിക തയാറാക്കുകയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

പ്രഥമ പരിഗണന 65 വയസ്സിന് മുകളില്‍ പ്രായമുള്ള തീര്‍ഥാടകര്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിത തീര്‍ഥാടകര്‍ക്കുമാകും. നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ച, പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകള്‍ക്കും ആദ്യ പരിഗണന ലഭിക്കും. ഇതിനുശേഷം വരുന്നവരെ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാകും തെരഞ്ഞെടുപ്പ്. പരിമിത അവസരത്തിലേക്ക് കൂടുതല്‍ അപേക്ഷകരുള്ളതിനാല്‍ നറുക്കെടുപ്പ് രീതിയും അനുവര്‍ത്തിക്കേണ്ടിവരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ലഭ്യമായ അപേക്ഷകള്‍ പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍. പുറപ്പെടല്‍ കേന്ദ്രമായി കരിപ്പൂരിന് പ്രഥമ പരിഗണനയും കണ്ണൂരിന് രണ്ടാം പരിഗണനയും അപേക്ഷയില്‍ നല്‍കിയ തീര്‍ഥാടകരെ മാത്രമാണ് കണ്ണൂരില്‍ ലഭ്യമായ അവസരത്തിലേക്ക് മാറ്റാന്‍ പരിഗണിക്കുന്നത്. 1423 പേരാണ് ഈ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. മേയ് 16 മുതല്‍ ആരംഭിക്കുന്ന രണ്ടാംഘട്ട യാത്രപ്പട്ടികയിലാണ് സംസ്ഥാനത്തെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളും ഉള്‍പ്പെട്ടിട്ടുള്ളത്.

Show Full Article
TAGS:karipur airport hajj Kozhikode International Airport Malapuram 
News Summary - Excessive fares: More than a thousand Hajj pilgrims have applied to move from Karipur
Next Story