ലൈസൻസ് വിവാദത്തിൽ വാദപ്രതിവാദം മുറുകുന്നു; മന്ത്രി ലിജു ആദ്യം പറഞ്ഞത് നുണയെന്ന് രേഖകൾ സഹിതം പൊളിച്ചെന്ന് എംബി രാജേഷ്
text_fieldsകോഴിക്കോട്: സമ്മർദങ്ങൾക്ക് വഴങ്ങാതെ നിയമപരമായി മാത്രം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെന്ന സൽപ്പേരുള്ള സാംബശിവറാവുവിനെ എക്സൈസ് കമീഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ യു.ഡി.എഫ് സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി മുൻ എക്സൈസ് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.ബി. രാജേഷ്.
സത്യസന്ധരും നിയമം നോക്കി പ്രവർത്തിക്കുന്നവരുമായ ഉദ്യോഗസ്ഥരെ പന്ത് തട്ടുന്നതുപോലെ ദ്രോഹിക്കുന്ന സർക്കാറിന്റെ നടപടികളുടെ ഒടുവിലത്തെ ഇരയാണ് എക്സൈസ് കമീഷണറെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
എക്സൈസ് മന്ത്രി എം. ലിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് രാജേഷിന്റെ വിമർശനം. ബാർ ലൈസൻസ് പുതുക്കാനുള്ള അധികാരം ഡെപ്യൂട്ടി കമീഷണർമാർക്ക് നൽകിയത് എൽ.ഡി.എഫ് സർക്കാറല്ലെന്നും കാലങ്ങളായി നിലവിലുള്ള ചട്ടമാണെന്നും താൻ നേരത്തേ ചൂണ്ടിക്കാട്ടിയ കാര്യം മന്ത്രി ഇപ്പോൾ സമ്മതിച്ചുവെന്ന് രാജേഷ് കുറിച്ചു. രേഖകൾ സഹിതം വസ്തുതകൾ പുറത്തുകൊണ്ടുവന്നതിനെ തുടർന്നാണ് മന്ത്രിക്ക് നിലപാട് തിരുത്തേണ്ടിവന്നതെന്നും വിമർശിച്ചു.
എഫ്.എൽ-7 ലൈസൻസ് നൽകാനുള്ള അധികാരം എക്സൈസ് കമീഷണർക്ക് നൽകിയത് എൽ.ഡി.എഫ് സർക്കാറാണെന്ന മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദവും ഇപ്പോൾ പിൻവലിച്ചിരിക്കുകയാണെന്ന് രാജേഷ് ആരോപിച്ചു.
2011 ജൂലൈ 19ന് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന ഭേദഗതിയുടെ രേഖ പുറത്തുവിട്ടതോടെയാണ് ഈ വാദത്തിൽനിന്ന് പിന്നോട്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംബശിവറാവുവിന്റെ സ്ഥലംമാറ്റത്തെയും എക്സൈസ് ലൈസൻസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വിവാദത്തെയും ചൂണ്ടിക്കാട്ടിയാണ് രാജേഷിന്റെ വിമർശനം. മന്ത്രിയുടെ പോസ്റ്റിലെ വാദങ്ങൾ രേഖകൾ സഹിതം തിരുത്തിയെന്നാണ് രാജേഷ് പറയുന്നത്.
നേരത്തേ, യാഥാർഥ്യം മറച്ചുപിടിച്ചും ചട്ടങ്ങളെ ദുർവ്യാഖ്യാനം ചെയ്തുമാണ് രാജേഷ് വാദങ്ങൾ ഉന്നയിക്കുന്നതെന്നാണ് ലിജു ആരോപിച്ചത്. വിവാദങ്ങളുടെ തുടക്കം എവിടെ നിന്നാണെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് വിമർശനം.
15.5 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈൻ ഉൽപാദിപ്പിച്ച് ബേക്കറികളിലടക്കം വിൽപന നടത്താൻ അനുമതി നൽകിയ ഉത്തരവ് ഏത് കാലത്താണ് ഇറങ്ങിയതെന്ന് രാജേഷ് മറക്കില്ലെന്നും ലിജു ചോദിച്ചു.
കേരളത്തിലാദ്യമായി ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും 15.5 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കുന്നതിനുള്ള ലൈസൻസ് നൽകാൻ എക്സൈസ് കമീഷണർക്ക് അധികാരം നൽകിയപ്പോൾ രാജേഷായിരുന്നു എക്സൈസ് വകുപ്പ് മന്ത്രിയെന്നും ചൂണ്ടിക്കാട്ടി.


