കോളജ് ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി: മെക്കാനിക്കിന് ദാരുണാന്ത്യം
text_fieldsചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ് കോളജ് ബസിന്‍റെ യന്ത്രത്തകരാർ പരിഹരിക്കുന്നതിനിടെ ഗിയർബോക്സ് പൊട്ടിത്തെറിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി വെളിയിൽ കട്ടച്ചിറയിൽ കുഞ്ഞുമോൻ (61) ആണ് മരിച്ചത്.
ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളജ് ബസിന്‍റെ ടർബൈൻ തകരാറിലായതിനാൽ വ്യാഴാഴ്ച വിദ്യാർഥികളെയും കൊണ്ട് ഓട്ടം പോയിരുന്നില്ല. ഇതെത്തുടർന്ന് പുതിയ ടർബൈനുമായി ചങ്ങനാശ്ശേരിയിലെ വർക്ക്ഷോപ്പിൽ നിന്നും മെക്കാനിക്ക് വൈകീട്ടോടെയാണ് എത്തിയത്. ഇത് ഘടിപ്പിക്കുന്നതിനിടയിൽ വാഹനം ഉഗ്രശബ്ദത്തോടെ റേയ്സ് ആവുകയും ഗിയർബോക്സ് പൊട്ടിത്തെറിക്കുകയുമായിരുന്നു.
സംഭവത്തിൽ കുഞ്ഞുമോനും കുഞ്ഞുമോൻ വന്ന ഓട്ടോയുടെ ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരെയും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിയെങ്കിലും കുഞ്ഞുമോന്‍റെ ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോ ഡ്രൈവർ ടോർച്ച് ഉപയോഗിച്ച് വെളിച്ചം പകരുകയായിരുന്നു. വാഹനം ഉഗ്രശബ്ദത്തോടെ റേയ്സ് ആയതോടെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന പുലിയൂർ പേരിശേരി സ്വദേശി സജീന്ദ്രൻ (60) പുറത്തേക്ക് ചാടിയിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. പൊട്ടിത്തെറിയെത്തുടർന്ന് പ്രദേശമാകെ പുകപടർന്നു.
സ്ഫോടനത്തെ തുടർന്ന് ബസിൽ നിന്നും തെറിച്ച ലോഹക്ഷണം കോളജ് ഓഡിറ്റോറിയത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്‍റെ സൈഡ് ഗ്ലാസും മുകൾഭാഗവും തകർത്ത് പുറത്തേക്ക് വീണു.
സംഭവത്തെത്തുടർന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസും ചെങ്ങന്നൂർ അഗ്നിശമന രക്ഷാസേനയുമെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.


