സമരം മറയാക്കി സ്വകാര്യ ബസ് പെർമിറ്റ് നീട്ടൽ: നിയമ പോരാട്ടത്തിനിടെ വഴിവിട്ട നീക്കം
text_fieldsതിരുവനന്തപുരം: അനിശ്ചിതകാല സമരത്തിന്റെ മറപിടിച്ച് കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അധികാരമുള്ള ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് വഴിയൊരുക്കാൻ സർക്കാറിൽ അണിയറനീക്കം. വിദ്യാർഥി നിരക്ക് വർധനവിനൊപ്പം 140 കിലോമീറ്ററിലധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. കെ.എസ്.ആർ.ടി.സിയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാകും ഇതെന്ന് കൃത്യമായി ബോധ്യമുണ്ടായിട്ടും ചർച്ചയിൽ എതിർക്കാതെ അയഞ്ഞ സമീപനമാണ് ഇക്കാര്യത്തിൽ ഗതാഗത വകുപ്പ് സ്വീകരിക്കുന്നത്.
കേസ് നടത്തിപ്പിലെ വീഴ്ചമൂലം 140 കിലോമീറ്ററിൽ അധികമുള്ള പെർമിറ്റുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽനിന്ന് സർക്കാറിന് തിരിച്ചടിയേറ്റിരുന്നു. ഇതിൽ അപ്പീൽ നടപടികൾ ആരംഭിച്ചിരിക്കെയാണ് സ്വകാര്യ ബസുടമകളുടെ സമരനീക്കം. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് രാഷ്ട്രീയ തീരുമാനമുണ്ടാക്കുമെന്നാണ് ഇതേക്കുറിച്ച് ഗതാഗത മന്ത്രി പ്രതികരിച്ചത്. കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അധികാരമുള്ള ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് അനുമതി നൽകിയ ഹൈകോടതി വിധിക്കെതിരെ സർക്കാറും കെ.എസ്.ആർ.ടി.സിയും സുപ്രീംകോടതിയിൽ നിയമപോരാട്ടത്തിന് തയാറെടുക്കുന്ന ഘട്ടത്തിൽ ‘‘രാഷ്ട്രീയ തീരുമാന’ത്തിന് ഗതാഗത വകുപ്പ് മുൻകൈയെടുക്കുന്നതിലെ യുക്തി വിമർശനവിധേയമാവുകയാണ്.
സ്വകാര്യ ബസുകളുടെ സമ്മർദതന്ത്രത്തിന് ഗതാഗത വകുപ്പ് വഴങ്ങുന്നത് കേസ് നടത്തിപ്പിനെയടക്കം ബാധിക്കുമെന്ന ആശങ്കയുമുണ്ട്. സ്വകാര്യ ബസുകൾക്കുള്ള അനുവദനീയ ദൂരപരിധി 140 കിലോമീറ്റർ മാത്രമാണ്. 1980 മുതൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ദീർഘദൂര പെർമിറ്റുകളും സൂപ്പർ ക്ലാസ് പെർമിറ്റുകളും കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തി കോടതി ഉത്തരവ് ലഭിച്ചത്. എന്നാൽ, 140 കിലോമീറ്ററിൽ കൂടുതൽ ഓടാൻ അനുവദിക്കണമെന്ന ആവശ്യം ഏറെക്കാലമായി സ്വകാര്യ ബസുകൾ ഉന്നയിക്കുന്നുണ്ട്. സമരമടക്കം നടത്തിയ ഘട്ടങ്ങളിലൊന്നും സർക്കാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല.
31 സംരക്ഷിത റൂട്ടുകളിലെ 1700 സൂപ്പര്‍ക്ലാസ് സര്വിസുകളില്നിന്നുള്ള വരുമാനമാണ് കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക നട്ടെല്ല്. ഈ വരുമാനം ഉപയോഗിച്ചാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ സർവിസുകൾ നടത്തുന്നതും. സ്വകാര്യ ബസുകൾക്ക് പെര്‍മിറ്റ് അനുവദിച്ചാൽ അത് കെ.എസ്.ആര്.ടി.സിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് മാനേജ്മെന്റിന്റെയും ട്രേഡ് യൂനിയനുകളുടെയും നിലപാട്.