ഭണ്ഡാരം എണ്ണുന്നതിനിടെ പണം അടിച്ചുമാറ്റി; സി.ഐ.ടി.യു സംസ്ഥാന നേതാവായ ക്ഷേത്ര ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsതളിപ്പറമ്പ്: മയ്യിൽ വേളം മഹാഗണപതി ക്ഷേത്ര ഭണ്ഡാരം തുറക്കുന്നതിനിടെ പണം അപഹരിച്ചെന്ന പരാതിയിൽ സി.ഐ.ടി.യു സംസ്ഥാന നേതാവായ പി. മോഹനചന്ദ്രനെ എക്സിക്യൂട്ടിവ് ഓഫിസർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തു. ക്ഷേത്രം ട്രസ്റ്റിയുടെ പരാതിയിലാണ് മലബാർ ദേവസ്വം കമീഷണർ സർവിസിൽനിന്നും സസ്പെൻഡ് ചെയ്തത്.
ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെയാണ് എക്സിക്യൂട്ടിവ് ഓഫിസറായ മോഹനചന്ദ്രൻ പണം അപഹരിച്ചത്. ഭണ്ഡാരത്തിൽനിന്ന് എടുത്ത നോട്ട് എണ്ണാതെ ശരീരത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇതു ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി കണ്ടു. ട്രസ്റ്റിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മോഹനചന്ദ്രനെ സസ്പെൻഡ് ചെയ്തത്.
ദേവസ്വം ബോർഡ് കാസർകോട് അസി. കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. പണം ശരീരത്തിൽ ഒളിപ്പിക്കുന്നത് ചോദിച്ചപ്പോൾ ഇതു ചെലവിന് എടുത്തതാണെന്ന് പറഞ്ഞുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മാസം 22നാണ് സംഭവം. ചുഴലി സ്വദേശിയായ മോഹനചന്ദ്രൻ തളിപ്പറമ്പ് ആസ്ഥാനമായുള്ള ക്ഷേത്ര ജീവനക്കാരുടെ സഹകരണ സാമ്പത്തിക സ്ഥാപനമായ ടെമ്പിൾ സർവിസ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ (ടെസ്കോസ്) പ്രസിഡന്റും മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) തളിപ്പറമ്പ് ഏരിയ സെക്രട്ടറിയും യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ്.