Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള പൊലീസ് ഇടപെടൽ;...

കേരള പൊലീസ് ഇടപെടൽ; വി.ഡി. സതീശന്റെ ചാനൽ അഭിമുഖം ഫേസ്ബുക് നീക്കി

text_fields
bookmark_border
VD Satheesan
cancel

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചാനൽ അഭിമുഖത്തിന്റെ ഒരുഭാഗം ഫേസ്ബുക്കിൽനിന്ന് നീക്കി. മനോരമ ന്യൂസ് നടത്തിയ അഭിമുഖത്തിന്‍റെ ഭാഗമാണ് കേരളാ പൊലീസിന്‍റെ നിര്‍ദേശപ്രകാരം നീക്കം ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ ഇന്ത്യയില്‍ റീൽ വിലക്കിയത്. അഭിമുഖം ഇന്ത്യയില്‍ കാണുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിന്‍റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഐടി ആക്ട് 2000, സെക്‌ഷൻ 79 (3) (ബി) പ്രകാരം ഫേസ്ബുക്കിനു നോട്ടിസ് നല്‍കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ഗാരന്റിയടക്കമുള്ള വാഗ്ദാനങ്ങളും പരാമര്‍ശിക്കുന്ന അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെട്ട റീലിന്‍റെ ലിങ്ക് ഇപ്പോഴും ഫേസ്ബുക്കിൽ ഉണ്ടെങ്കിലും ഇന്ത്യയില്‍ വിഡിയോ കാണാന്‍ സാധിക്കില്ല. കമന്‍റ് ബോക്സിലെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്വമേധയാ ഫേസ്ബുക്കിനു നിര്‍ദേശം നല്‍കിയെന്നാണ് ഇതുസംബന്ധിച്ച് പൊലീസിന്‍റെ വിശദീകരണം. കമന്റുകള്‍ നീക്കാനാണ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടതെങ്കിലും കമന്‍റ് ബോക്സില്‍ ചേരിതിരിഞ്ഞുള്ള വാഗ്വാദം നടക്കുന്നത് സംഘര്‍ഷത്തിന് കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പൊലീസ് സൈബര്‍ വിഭാഗം വിശദീകരിച്ചു.

അതേസമയം, ഫേസ്ബുക് നയങ്ങള്‍ക്കും മാര്‍ഗരേഖയ്ക്കും വിരുദ്ധമായതോ ഐടി നിയമം ഉള്‍പ്പെടെ ഏതെങ്കിലും നിയമവ്യവസ്ഥകള്‍ക്ക് എതിരായതോ ആയ ഒരു ഉള്ളടക്കവും നീക്കം ചെയ്യപ്പെട്ട റീലില്‍ ഉണ്ടായിരുന്നില്ലെന്ന് ചാനൽ അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്തതിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും ചാനൽ പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് ​പേജിൽ അറിയിച്ചു. പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതുമായ നിരവധി യുആർഎല്ലുകൾ (URL) ഇതിനകം നീക്കം ചെയ്തതായും പൊലീസ് പറഞ്ഞു.

‘മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (CEO) ഔദ്യോഗികമായി വിശദീകരണം നൽകിയ കാര്യങ്ങളിൽ പോലും തെറ്റായ വ്യാഖ്യാനങ്ങൾ നൽകി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് ഇടപെടൽ. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബർ വിഭാഗം നടപടി സ്വീകരിക്കുന്നത്.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ഉദ്യമങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കേണ്ടതാണ്. സ്ഥിരീകരിക്കാത്ത വാർത്തകൾ ഫോർവേഡ് ചെയ്യുകയോ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയോ ചെയ്യരുത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. തെറ്റായ വിവരങ്ങൾ ബോധപൂർവം നിർമ്മിക്കുന്നവർക്കും അത് പങ്കുവെക്കുന്നവർക്കുമെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണ്’ -പൊലീസ് അറിയിച്ചു.

Show Full Article
TAGS:Kerala Assembly Election 2026 Facebook VD Satheesan Kerala Police 
News Summary - Facebook removes V.D. Satheesan's channel interview after Kerala Police intervention
Next Story