സാദിഖലി തങ്ങൾക്കെതിരെ വ്യാജ ആരോപണം; പൊലീസിൽ പരാതി നൽകി
text_fieldsമലപ്പുറം: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ചതായി പരാതി. ഫേക്ക് ഐ.ഡിയിലൂടെയാണ് ഏതാനും മണിക്കൂർ മുമ്പ് അജ്ഞാതൻ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ മുസ്‍ലിം ലീഗ് പൊലീസിൽ പരാതി നൽകിയതായി പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ‘സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുത്’ -അദ്ദേഹം അറിയിച്ചു. ഇതിനുപിന്നാലെ, ആരോപണം പോസ്റ്റ് ചെയ്തയാൾ അത് പിൻവലിച്ചു. ഫേസ്ബുക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
പ്രസ്തുത ഫേസ്ബുക് അക്കൗണ്ട് വി.പി.എൻ ഉപയോഗിച്ച് തായ്‌വാനിൽനിന്ന് ലോഗിൻ ചെയ്തതായും മറ്റൊരു രാജ്യത്തിന്റെ ഐ.പി അഡ്രസ് ആണ് ഉപയോഗിച്ചതെന്നും പറയപ്പെടുന്നു. ഈ പോസ്റ്റിടാൻ വേണ്ടി മാത്രമായാണ് ഐ.ഡി ഉണ്ടാക്കിയത്.
കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം:
ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഒരു വ്യാജ ഐഡിയിൽനിന്ന് ഫേസ്ബുക്കിൽ വന്ന പോസ്റ്റിനെതിരെ പാർട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുസംബന്ധമായി വിശദമായി അന്വേഷണം നടന്നുവരികയാണ്.
സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുത്.


