‘വ്യാജ ഇ.ഡി ഉദ്യോഗസ്ഥ’ന് പൊലീസിൽനിന്ന് സസ്പെൻഷൻ
text_fieldsകൊടുങ്ങല്ലൂർ: കർണാടകയിലെ വ്യവസായിയുടെ വീട്ടിൽ വ്യാജ ഇ.ഡി റെയ്ഡ് നടത്തി പണം തട്ടിയ കേസിൽ പ്രതിയായ കൊടുങ്ങല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് അസി. സബ് ഇൻസ്പെക്ടറായ ഷഫീർ ബാബുവിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ദക്ഷിണ കന്നട ജില്ലയിലെ വിട്ല പൊലീസ് സ്റ്റേഷനിൽ ഗുരുതര സ്വഭാവമുള്ള കേസിൽ അറസ്റ്റിലായതിനാൽ ഷഫീർ ബാബുവിനെ 16 മുതൽ സസ്പെൻഡ് ചെയ്തതായി തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഉത്തരവിറക്കി.
ജനുവരി മൂന്നിനാണ് കർണാടകയിൽ വ്യാജ റെയ്ഡ് അരങ്ങേറിയത്. കർണാടകയിലെ നിയമസഭ സ്പീക്കറുടെ ബന്ധുവായ വ്യവസായി എം. സുലൈമാന്റെ വീട്ടിൽ ഇ.ഡി സംഘമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയായിരുന്നു. രണ്ടു കാറിലെത്തിയ സംഘം മടങ്ങിയശേഷം സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
അന്വേഷണത്തിനിടെ പൊലീസിന് കൊല്ലവുമായി ബന്ധപ്പെട്ട് സൂചന ലഭിച്ചതോടെ ജനുവരി 18ന് കേരളത്തിൽ എത്തി. എന്നാൽ, ആരെയും പിടികൂടാനായില്ല. വീണ്ടും കൊല്ലത്തെത്തിയ കർണാടക പൊലീസ് ഫെബ്രുവരി മൂന്നിന് മൂന്നുപേരെ പിടികൂടി. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് ഷെഫീർ ബാബുവിലേക്ക് എത്തിയതെന്നാണ് വിവരം. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നറിയുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കാട്ടുങ്ങച്ചിറ സ്വദേശിയായ ഷെഫീർ ബാബുവിനെ താമസസ്ഥലമായ ഇരിങ്ങാലക്കുട പൊലീസ് ക്വാർട്ടേഴ്സിൽനിന്ന് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്.