വികസനം കാണാതെ സർക്കാറിനെതിരെ അസത്യപ്രചാരണം –വൃന്ദ കാരാട്ട്
text_fieldsപാറശ്ശാല: ഇടതുസർക്കാർ കേരളത്തിൽ നടത്തിയ വികസനം കാണാതെ അസത്യപ്രചാരണവുമായി ഓടിനടക്കുകയാണ് എന്‍.ഡി.എയും യു.ഡി.എഫുമെന്ന് സി.പി.എം േപാളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കേരളത്തിലെ വികസനത്തെക്കുറിച്ചറിയാതെ എ.കെ. ആൻറണിയെപ്പോലുള്ളവരും ബി.ജെ.പി നേതാക്കളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങളുമായി തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്നു.
പാറശ്ശാല മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി സി.കെ. ഹരീന്ദ്രെൻറ പ്രചാരണവുമായി ബന്ധപ്പെട്ട് പാറശ്ശാലയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുറ്റപ്പെടുത്താന്‍ മാത്രം വാതുറക്കുന്ന ഇവര്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണാന്‍ തയാറാകണം.
സ്കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍ തുടങ്ങി സമസ്ത മേഖലകളിലും കേരളം ഉന്നതിയിലെത്തി. കോവിഡ് രൂക്ഷമായ നാളുകളിൽ തലസ്ഥാനനഗരിയായ ഡല്‍ഹിയിലടക്കം ആഹാരവും വസ്ത്രവുമില്ലാതെ ജനം ദുരിതത്തിലായപ്പോള്‍ കേരള സര്‍ക്കാര്‍ ഭക്ഷ്യധാന്യ കിറ്റുള്‍പ്പെടെ നല്കി കരുതലൊരുക്കിയത് നാം മറക്കരുത്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ചെന്നിത്തലക്ക് വലിയ അങ്കലാപ്പാണ്. അനാവശ്യ ആരോപണവുമായി അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷനെ അടിക്കടി സമീപിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം സംസ്ഥാനത്തുടനീളം കോണ്‍ഗ്രസുകാരെ വിലക്കെടുക്കുവാനുള്ള ചന്തകള്‍ ആരംഭിച്ചിരിക്കുകയാണ് ബി.ജെ.പി. കേരളത്തില്‍ 35 സീറ്റ് കിട്ടിയാല്‍ അധികാരത്തിലെത്തുമെന്നുള്ള കെ. സുരേന്ദ്രെൻറ പ്രസ്താവനയും ഗൗരവത്തോടെ കാണണം.
ഉഷസുരേഷ് അധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രന്‍, എല്‍. മഞ്ചുസ്മിത, ഗിരിജകുമാരി, അമ്പിളി, വി.ആര്. സലൂജ, വി.എസ്. ബിനു, എല്‍. വിനുതകുമാരി, കെ. അംബിക, ഡി.കെ. ശശി, അഡ്വ. കള്ളിക്കാട് ചന്ദ്രന്, എസ്.അജയകുമാര്‍, അഡ്വ.പരശുവക്കല്‍ മോഹനന്, സാറാദേവി തുടങ്ങിയവര്‍ സംസാരിച്ചു.