വീട്ടുകാർ റിമാൻഡിൽ; ആട്ടിൻകുട്ടിയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത് പൊലീസ്
text_fieldsപ്രതികൾ റിമാൻഡിലായതോടെ ചിതറ പൊലീസ് സംരക്ഷണം നൽകിയ ആട്ടിൻകുട്ടി
കടയ്ക്കൽ: പ്രതികൾ റിമാൻഡിലായതിന് പിന്നാലെ വീട്ടിൽ ഒറ്റപ്പെട്ട ആടിനെ സ്റ്റേഷനിലെത്തിച്ച് പരിപാലിച്ച് ചിതറ പൊലീസ്. കഴിഞ്ഞ 19ന് അനധികൃത ഗ്യാസ് വിപണന കേന്ദ്രം ചിതറ കല്ലുവെട്ടാംകുഴിക്ക് സമീപം വാടക വീട്ടിൽ പൊലീസ് കണ്ടെത്തിയിരുന്നു.
ഗാർഹിക സിലിണ്ടറിൽ നിന്ന് വാണിജ്യ സിലിണ്ടറിലേക്ക് ഗ്യാസ് നിറച്ച് അമിത വിലക്ക് വില്പന നടത്തിവന്ന കേന്ദ്രമാണ് കണ്ടെത്തിയത്.
തൃശൂർ മുല്ലൂക്കര ഇരുനിലംകോട് കുന്നത്തു പീടികയിൽ ഹൗസിൽ മനോജ് (48), സുഹിറ (37), ചിറയിൻകീഴ് ശാർക്കര മേൽ കടയ്ക്കാവൂർ കാട്ടരുവിള വീട്ടിൽ പ്രജിത്ത് (24) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തു. ഇതോടെ ഇവർ വീട്ടിൽ വളർത്തിയ മൃഗങ്ങൾ ഒറ്റപ്പെട്ടു.
നായയേയും പൂച്ചയേയും മൃഗസംരക്ഷകർ ഏറ്റെടുത്ത് കൊണ്ട് പോയി. ഭക്ഷണവും വെളളവും ഇല്ലാതെ വീട്ടിൽ ഒറ്റപ്പെട്ട ആടിനെയാണ് ചിതറ പൊലീസ് സ്റ്റേഷനിലെത്തിച്ച് സംരക്ഷിക്കുന്നത്. പ്രതികൾ റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങുന്നത് വരെ ആട്ടിൻകുട്ടിയെ പൊലീസ് സംരക്ഷിക്കും.