Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാൻസി നമ്പർ ലേലം;...

ഫാൻസി നമ്പർ ലേലം; അവസാന മിനിറ്റുകളിൽ പണിമുടക്കുന്നു, സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
ഫാൻസി നമ്പർ ലേലം; അവസാന മിനിറ്റുകളിൽ പണിമുടക്കുന്നു, സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം
cancel

തിരുവനന്തപുരം: ഫാൻസി നമ്പർ ലേലം മുറുകുന്ന അവസാന മിനിറ്റുകളിൽ പണിമുടക്കി മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റ്. ഇതുവഴി ഖജനാവിന് ചോരുന്നത് ലക്ഷങ്ങൾ. ഫാൻസി നമ്പർ ബുക്കിങ്ങും ലേലവുമെല്ലാം പരിവാഹൻ പോർട്ടൽ വഴി പൂർണമായും ഓൺലൈൻ സ്വഭാവത്തിലാണ് നടക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മുതൽ ശനിയാഴ്ച വൈകീട്ട് നാല് വരെയാണ് ഓൺലൈനിൽ ഫാൻസി നമ്പർ ബുക്ക് ചെയ്യാനുള്ള അവസം. ശനിയാഴ്ച വൈകിട്ട് ആറ് മുതൽ തിങ്കൾ രാവിലെ 10.30 വരെയാണ് ലേലം. ഒരു നമ്പറിന് ഒന്നിലധികം ആവശ്യക്കാരുള്ളപ്പോഴാണ് ലേലത്തിനായി മാറ്റുന്നത്.

ഓരോ ഫാൻസി നമ്പറിനും നിശ്ചയിച്ച അടിസ്ഥാന വില ആധാരമാക്കി 1000 രൂപയോ അതിന്‍റെ ഗുണിതങ്ങളായ തുകയോ ലേലം വിളിക്കാവുന്ന വിധമാണ് പോർട്ടലിലെ ക്രമീകരണം. 1000, 2000, 3000...എന്നിങ്ങനെ ഓപ്ഷനുകൾ തെരഞ്ഞെടുത്ത ടിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുന്നതാണ് ഓൺലൈൻ ലേലം വിളി. ശനിയാഴ്ച രാത്രി ഏഴിന് വിളിച്ച തുകയാണെങ്കിലും ലേല സമയപരിധിയായ തിങ്കൾ രാവിലെ 10.30 ആയാലേ ഉറപ്പിക്കൂ. ലേലരീതി പരിചയമുള്ളതിനാൽ സാധാരണ വാഹന ഷോറൂമുകാരും ഏജന്‍റുമാരുമെല്ലാം തിങ്കളാഴ്ച രാവിലെ 10ന് ശേഷമാണ് രംഗത്തിറങ്ങുക. തുടർന്നുള്ള അരമണിക്കൂറിൽ വാശിയേറിയ മത്സരമാണ്. ഇതനുസരിച്ച് നമ്പറിന്‍റെ മൂല്യവും അവസാന മിനിട്ടുകളിൽ കുതിച്ചുയരും.

എന്നാൽ, ഏതാനും ആഴ്ചകളായി തിങ്കളാഴ്ച രാവിലെ 10 കഴിയുമ്പോഴേക്കും പോർട്ടൽ പണിമുടക്കുകയോ മന്ദ ഗതിയിലാവുകയോ ചെയ്യുന്നു. ഇതുമൂലം വാഹന ഉടമകൾക്ക് ഉയർന്ന ലേലത്തുക തെരഞ്ഞെടുക്കാനോ , അഥവാ തുക തെരഞ്ഞെടുത്താൽ സബ്മിറ്റ് ചെയ്യാനോ കഴിയുന്നില്ല. വെബ്സൈറ്റിൽ കറങ്ങുന്നതല്ലാതെ നടപടി പൂർത്തിയാവില്ല. ഇതോടെ വെബ്സൈറ്റ് ഏറ്റവും ഒടുവിൽ ആക്ടീവായ സമയത്ത് എത്ര തുകയാണോ ലേലം വിളിച്ചത് ആ തുകയ്ക്ക് ഉറപ്പിക്കുകയാണ്. ഇതാണ് സർക്കാർ ഖജനാവിലേക്കുള്ള ലക്ഷങ്ങൾ നഷ്ടപ്പെടുത്തുന്നത്. പോർട്ടലിലെ സാങ്കേതിക പ്രശ്നമാണോ, ബാഹ്യഇടപെടലാണോ എന്നത് വ്യക്തമല്ല.

അഞ്ചുമിനുട്ട് ആനുകൂല്യം നിർത്തി

ഇ-ലേലത്തിൽ അവസാന നിമിഷം നൽകിയിരുന്ന സമയാനുകൂല്യവും നിർത്തി. ഫാൻസി നമ്പറിനായി തിങ്കളാഴ്ച രാവിലെ 10.20ന് ശേഷം സജീവമായി ലേലം വിളി നടക്കാറുണ്ട്. അവസാന നിമിഷം ലേലം ഉറപ്പിക്കാനുള്ള സമയം തീരാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ചിലർ ഉയർന്ന തുക വിളിക്കും. ഇത് കഴിയുന്നതോടെ സമയപരിധി അവസാനിക്കുന്നതിനാൽ ഇവർക്ക് തന്നെ നമ്പർ കിട്ടും.

ഏജന്‍റുമാരും ഷോറൂമുകാരുമാണ് ഇത്തരം തന്ത്രങ്ങൾ പയറ്റുന്നത്. എന്നാൽ, ലേലം തുടങ്ങുന്ന ശനിയാഴ്ച മുതൽ തുക സെലക്ട് ചെയ്ത് കാത്തിരിക്കുന്നവരും സമയത്തിലെ ഈ കള്ളക്കളികളൊന്നും അറിയാത്തവരുമായ വാഹന ഉടമകൾ കബളിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയ ഗതാഗത കമീഷണറേറ്റ് ബദൽ ക്രമീകരണം ഏർപ്പെടുത്തി. അവസാന നിമിഷങ്ങളിലെ ആസൂത്രിത വിളി നടക്കുന്ന ലേലങ്ങളിൽ മറുവശത്തുള്ളവർക്കുകൂടി അവസരം നൽകാൻ സമയപരിധി അവസാനിച്ചാലും അഞ്ച് മിനിട്ട് കൂടി അനുവദിക്കുന്നതാണ് ഈ ക്രമീകരണം. ഇതാണ് കഴിഞ്ഞ ആഴ്ച മുതൽ അവസാനിപ്പിച്ചത്.

Show Full Article
TAGS:fancy number auction strike Government 
News Summary - Fancy Number Auction Strike: Government Loses Lakhs at Last Minute
Next Story