ഗോവിന്ദച്ചാമിയുടെ വരവ്; വിയ്യൂർ അതിസുരക്ഷ ജയിലിലെ കേടായ ഹൈമാസ്റ്റ് ലൈറ്റുകളടക്കം നന്നാക്കി
text_fieldsതൃശൂർ: വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ തകരാറിലായിരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ അടക്കം യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി. മൂന്നാഴ്ച മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് തടവുചാടിയ കൊലക്കേസ് പ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ ഗോവിന്ദച്ചാമിയെ വിയ്യൂർ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയതോടെയാണ് അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകൾ അടക്കം മാറ്റിയത്. വൈദ്യുതി ഉപകരണങ്ങളുടെ തകരാറും പരിഹരിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പ് ടെൻഡർ ക്ഷണിക്കുകയും അതിവേഗം പരിഹാരം കാണുകയുമായിരുന്നു.
ഗോവിന്ദച്ചാമി കണ്ണൂരിൽ ജയിൽ ചാടിയപ്പോൾ വൈദ്യുതിവേലിയും സി.സി.ടി.വി കാമറകളും പ്രവർത്തിക്കാതിരുന്നത് ഏറെ വിമർശനത്തിന് കാരണമായിരുന്നു. കണ്ണൂരിൽനിന്ന് വിയ്യൂരിലേക്ക് എത്തിച്ചപ്പോൾ സുരക്ഷാപരിശോധന നടത്തിയിരുന്നു. വിവാദമായ കേസുകളിലെ പ്രതികളും കൊടുംകുറ്റവാളികളും കഴിയുന്ന അതി സുരക്ഷ ജയിലിൽ പരമാവധി സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേടായ ഉപകരണങ്ങളടക്കം മാറ്റിയത്.
മൂന്നാഴ്ചയായി വിയ്യൂരിൽ കഴിയുന്ന ഗോവിന്ദച്ചാമി കാര്യമായ പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏകാന്ത തടവിലാണുള്ളത്. മുടി പറ്റെ വെട്ടുകയും താടിയും മീശയും വടിക്കുകയുമെല്ലാം ചെയ്തു. നിരാഹാരം കിടക്കൽപോലെയുള്ള പ്രശ്നങ്ങളും ഇപ്പോഴില്ല. അതേസമയം, കൊടും കുറ്റവാളിയുടേതായ സ്വഭാവങ്ങൾ ഇയാൾക്കുണ്ടെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.
കണ്ണൂർ ജയിലിൽവെച്ച് അലർജി പറഞ്ഞ് താടിയും മീശയും വടിക്കാതിരുന്ന ഗോവിന്ദച്ചാമി വിയ്യൂരിൽ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. ഒന്നാം നമ്പർ സെല്ലിൽ കഴിയുന്ന ഗോവിന്ദച്ചാമി 24 മണിക്കൂറും നിരീക്ഷണത്തിലാണ്. സെല്ലിന് എതിർവശത്തെ ഔട്ട്പോസ്റ്റിൽ രണ്ട് സുരക്ഷാ ജീവനക്കാരും ഒപ്പം സി.സി.ടി.വി വഴിയും നിരീക്ഷിക്കുന്നുണ്ട്. 536 തടവുകാരെ ഉൾക്കൊള്ളാൻ കഴിയുന്ന അതിസുരക്ഷ ജയിലിൽ ഇപ്പോൾ 125ഓളം തടവുകാരാണുള്ളത്.