ഫീസ് പൊള്ളും; സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഫീസ് വർധന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ബി.ടെക് കോഴ്സിനുള്ള വാർഷിക ഫീസിൽ 33 ശതമാനം വർധന വരുന്നു. കേരള സെൽഫിനാൻസിങ് എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന് (കെ.എസ്.എഫ്.ഇ.സി.എം.എ) കീഴിലുള്ള കോളജുകളിലെ 50 വരുന്ന ശതമാനം മാനേജ്മെന്റ് ക്വോട്ട സീറ്റിലാണ് ഫീസ് വർധനക്ക് ഫീ റെഗുലേറ്ററി കമ്മിറ്റി അനുമതി നൽകിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ റെഗുലേറ്ററി കമ്മിറ്റിയുടെ ശിപാർശ അടുത്ത ദിവസം തന്നെ ഉത്തരവായി ഇറങ്ങും. സ്വകാര്യ സ്വാശ്രയ കോളജുകളിൽ ഭൂരിഭാഗവും കെ.എസ്.എഫ്.ഇ.സി.എം.എക്ക് കീഴിലാണ്. സർക്കാറിന് വിട്ടുനൽകുന്ന 50 ശതമാനം മെറിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റിലും 60 ശതമാനം ഫീസ് വർധനയാണ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, തെരഞ്ഞെടുപ്പ് വർഷമായതിനാൽ സ്വാശ്രയ കോളജുകളിലെ സർക്കാറിന് വിട്ടുനൽകുന്ന മെറിറ്റ് സീറ്റിൽ ഫീസ് വർധന അനുവദിക്കാനാകില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പകരം മാനേജ്മെന്റ് സീറ്റിൽ ഫീസ് വർധനയാകാമെന്ന നിലപാടിൽ ഫീസ് നിശ്ചയിക്കാൻ ഫീ റെഗുലേറ്ററി കമ്മിറ്റിക്ക് വിടുകയായിരുന്നു.
എല്ലാ വർഷവും വാർഷിക ട്യൂഷൻ ഫീസിൽ അഞ്ച് ശതമാനം വർധനയാകാമെന്ന 2019ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റ് അസോസിയേഷൻ സർക്കാറിനെ സമീപിച്ചത്. പത്ത് വർഷത്തോളമായി സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഫീസ് വർധനയുണ്ടായിട്ടില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. മെറിറ്റ് സീറ്റിൽ ഫീസ് വർധന വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനും തുടർചർച്ചകൾ നടത്താനുമാണ് തീരുമാനം.
നിലവിൽ അസോസിയേഷന് കീഴിലെ കോളജുകളിൽ 99000 ട്യൂഷൻ ഫീസായും 25000 രൂപ സ്പെഷൽ ഫീസായും ഈടാക്കാം. ട്യൂഷൻ ഫീസിൽ 33 ശതമാനം വർധന വരുന്നതുവഴി വാർഷിക ഫീസ് 1.31 ലക്ഷമായി ഉയരും. സർക്കാറിന് വിട്ടുനൽകുന്ന മെറിറ്റ് സീറ്റിൽ പകുതിയിൽ ബി.പി.എൽ വിദ്യാർഥികൾക്ക് 50000 രൂപയും ബാക്കിവരുന്ന പകുതി സീറ്റിൽ 50000 രൂപക്ക് പുറമെ, 25000 രൂപ സ്പെഷൽ ഫീസുമുണ്ട്. 15 ശതമാനം വരുന്ന എൻ.ആർ.ഐ ക്വോട്ടയിൽ ഒന്നര ലക്ഷം രൂപ വാർഷിക ഫീസും 25000 രൂപ സ്പെഷൽ ഫീസുമുണ്ട്.
നിലവിലുള്ള ഫീസ് നിരക്ക്
- മെറിറ്റ് സീറ്റിൽ പകുതിയിൽ ബി.പി.എൽ വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ്: 50000 രൂപ
- പകുതി മെറിറ്റ് സീറ്റിൽ ട്യൂഷൻ ഫീസ് 50000 രൂപ + സ്പെഷൽ ഫീസ് 25000 രൂപ
- മാനേജ്മെന്റ് ക്വോട്ട: ട്യൂഷൻ ഫീസ് 99000 രൂപ + സ്പെഷൽ ഫീസ് 25000 രൂപ
- എൻ.ആർ.ഐ സീറ്റ്: ഒന്നര ലക്ഷം രൂപ+ സ്പെഷൽ ഫീസ് 25000 രൂപ