വനം വകുപ്പിനെ ചൊല്ലി എൽ.ഡി.എഫിൽ പോര്
text_fieldsകോട്ടയം: വനം വകുപ്പിനെയും മന്ത്രി എ.കെ. ശശീന്ദ്രനെയും ചൊല്ലി ഇടതുമുന്നണിയിൽ പ്രശ്നങ്ങൾ ഉരുണ്ടുകൂടുന്നു. ശശീന്ദ്രനെതിരെ കേരള കോൺഗ്രസ് എം പാർട്ടി യോഗങ്ങളിൽ ഉയർന്ന ആക്ഷേപം നേതാക്കളുൾപ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതോടെ വിഷയം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി മുന്നണി മര്യാദ ലംഘിച്ചെന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ, മാധ്യമങ്ങൾക്ക് മുന്നിലെ പ്രതികരണമാണ് കേരള കോൺഗ്രസ് എം സൈബർ പോരാളികളെ ചൊടിപ്പിച്ചത്. ശശീന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ അവർ ഉയർത്തുന്നത്. വനംവകുപ്പിനെയും മന്ത്രിയെയും കേരള കോൺഗ്രസ് എമ്മും പാർട്ടി ചെയർമാൻ ജോസ് കെ. മാണിയും കടന്നാക്രമിക്കുന്നു എന്നായിരുന്നു ശശീന്ദ്രന്റെ ആരോപണം.
ജോസ് കെ. മാണിയോ മന്ത്രി റോഷി അഗസ്റ്റിനോ എം.എൽ.എമാരോ അടക്കം മുതിർന്ന നേതാക്കൾ പ്രതികരിച്ചില്ലെങ്കിലും പോഷക സംഘടന നേതാക്കൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ മറുപടിയുമായി രംഗത്തെത്തി. ഭരണത്തെക്കാൾ വലുത് തങ്ങൾക്ക് കർഷക ജനതയാണെന്ന് കർഷക യൂനിയൻ എം സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച്. ഹഫിസ് ഫേസ്ബുക്കിൽ കുറിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ ദ്രോഹിക്കുന്നു എന്ന് ആരോപണം ആവർത്തിച്ച് ഉദാഹരണങ്ങൾ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ജോസ് കെ. മാണിക്ക് എതിരായ മന്ത്രിയുടെ ചാനൽ അഭിമുഖ വിഡിയോകൾക്ക് താഴെയും കേരള കോൺഗ്രസ് എമ്മിന്റെ സൈബർ പട കമന്റുകൾ നിരത്തി. ചില പ്രതികരണങ്ങൾ പരിധി ലംഘിക്കുന്നതുമാണ്. കേരള കോൺഗ്രസ് എം വിദ്യാർഥി സംഘടനയായ കെ.എസ്.സി എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടുനിരപ്പിൽ മന്ത്രിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും ജോസ് കെ. മാണിയുടെ കളർ ഫോട്ടോയുമുള്ള പോസ്റ്റർ സഹിതമാണ് ചെയർമാന് പിന്തുണയുമായി വന്നത്. സാധാരണഗതിയിൽ എ.കെ. ശശീന്ദ്രൻ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കപ്പെടുമ്പോൾ പ്രതിരോധം തീർക്കുന്ന സി.പി.എം സൈബർ പോരാളികൾ പക്ഷേ വിഷയത്തിൽ ഇടപെടുന്നില്ല.
നേതൃത്വത്തിന്റെ അറിവോടെയല്ല എന്നും പാർട്ടി പ്രവർത്തകരുടെ സ്വാഭാവിക പ്രതികരണമാണിതെന്നുമാണ് മാണി വിഭാഗം നേതൃത്വത്തിന്റെ വിശദീകരണം. ഇത്തരം കാര്യങ്ങളിൽ എടുത്തുചാടി പ്രതികരിക്കേണ്ടെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയതായി മുതിർന്ന നേതാവ് ‘മാധ്യമ’ ത്തോട് പറഞ്ഞു.
ഇത് നിസാര വിഷയമാണെന്നും ഇരുകൂട്ടരെയും ഒന്നിച്ചു വിളിച്ചിരുത്തി സംസാരിച്ചാൽ തീരുമെന്നുമാണ് സി.പി.എം നേതൃത്വം പറയുന്നത്. എന്നാൽ വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് മാണി വിഭാഗം നിലപാട്. വനം വകുപ്പിനെതിരെ സി.പി.എം എം.എൽ.എ ജനീഷ് കുമാർ കോന്നിയിൽ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നതും സംസ്ഥാന വ്യാപകമായി സി.പി.എം കർഷകസംഘം ഫോറസ്റ്റ് ഓഫിസുകൾ പിക്കറ്റ് ചെയ്തതും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വന്യജീവി, തെരുവുനായ് അക്രമങ്ങൾ ചൂണ്ടിക്കാട്ടി മുന്നണി വിടാൻ കാരണങ്ങൾ കണ്ടെത്തുകയാണ് ജോസ് കെ. മാണിയും കൂട്ടരും എന്നാണ് ശശീന്ദ്രനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ കുറ്റപ്പെടുത്തുന്നത്.
എ.കെ. ശശീന്ദ്രന് മറുപടി പറയാനില്ല -ജോസ് കെ. മാണി
കോട്ടയം: മുന്നണി മര്യാദ പാലിക്കണമെന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവനക്ക് മറുപടി പറയാനില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. താൻ ഉന്നയിച്ച വിഷയങ്ങൾ വനംമന്ത്രിക്കെതിരെയല്ല. കേരളത്തിലെ മലയോര ജനതയുടെ വികാരമാണ് ഉന്നയിച്ചത്.
വന്യജീവി-തെരുവുനായ് ശല്യം മൂലം ജനം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ജനകീയ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുത്. പാർട്ടി നിലപാടിനെ മന്ത്രിക്കെതിരെ എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ജോസ് കെ. മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.