അന്തിമ പട്ടികയിൽ വർധിച്ചത് 1.18 ലക്ഷം വോട്ടർമാർ; കൂടുതൽ വോട്ടർമാർ മലപ്പുറത്ത്, കുറവ് വയനാട്ടിൽ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ വർധിച്ചത് 1,18,221 വോട്ടർമാർ. സംക്ഷിപ്ത പുതുക്കലിനായി സെപ്റ്റംബര്‍ 29ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ വോട്ടർമാരുടെ എണ്ണം 2,83,12,540 ആയിരുന്നു. അന്തിമ പട്ടികയില്‍ ഇത് 2,84,30,761 ആയി വർധിച്ചു.
1,33,35,996 പുരുഷന്മാരും 1,49,59,273 സ്ത്രീകളും 271 ട്രാന്‍സ്ജെന്‍ഡറുകളുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്. അന്തിമ പട്ടികയിൽ 58,737 സ്ത്രീ വോട്ടർമാരും 59,474 പുരുഷ വോട്ടർമാരും വർധിച്ചു. അന്തിമ പട്ടികയിലെ സ്ത്രീ വോട്ടർമാരുടെ ആകെ എണ്ണം 1,50,18,010 ഉം പുരുഷ വോട്ടർമാരുടേത് 1,34,12,470 ഉം ആണ്. ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണം പത്ത് പേർ വർധിച്ച് 281 ആയി. കരട് പട്ടികയിൽ 2087 പേരുണ്ടായിരുന്ന പ്രവാസി വോട്ടർമാരിൽ പുതുതായി 754 പേർ കൂടി ഉൾപ്പെട്ടു. അന്തിമ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണം 2841 ആണ്.
അന്തിമ പട്ടികയിൽ കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്. 35,74,802 പേരാണ് മലപ്പുറം ജില്ലയിലുള്ളത്. ഇവരിൽ 18,52,653 പേർ സ്ത്രീകളും 17,22,100 പേർ പുരുഷന്മാരുമാണ്. വോട്ടർമാർ കുറവ് വയനാട് ജില്ലയിലാണ്. 6,40,183 വോട്ടർമാരാണ് വയനാട്ടിലുള്ളത്. ഇവരിൽ 3,30,377 പേർ സ്ത്രീകളും 3,09,798 പേർ പുരുഷന്മാരും. പ്രവാസി വോട്ടർമാർ കൂടുതൽ കോഴിക്കോടും (1231) കുറവ് ഇടുക്കിയിലുമാണ് (ഏഴ്).
941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. തദ്ദേശ സ്ഥാപന വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക. കമീഷൻ വെബ്സൈറ്റിലും (https://www.sec.kerala.gov.in) തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പട്ടിക പരിശോധനക്ക് ലഭ്യമാണ്.
ഒഴിവാക്കപ്പെട്ടത് 3.72 ലക്ഷം പേർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽനിന്ന് വിവിധ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടത് 3,72,747 പേർ. മരിച്ചവർ, വോട്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയവർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഒഴിവാക്കിയത്, പരാതികളുടെ അടിസ്ഥാനത്തിൽ തള്ളപ്പെട്ടവർ എന്നിങ്ങനെയുള്ളവരുടെ കണക്കാണിത്. അതേസമയം, പുതുതായി 4,90,968 പേർ അന്തിമ പട്ടികയിൽ ഉൾപ്പെട്ടു. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയതാണ് അന്തിമ പട്ടിക.


