വേണ്ടത്ര സമയമില്ല; അന്തിമ വോട്ടർ പട്ടിക പ്രഹസനമാകും
text_fieldsകോഴിക്കോട്: നവംബർ 14ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന, തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഹസനമാകുമെന്ന് ആക്ഷേപം. പരിശോധനക്കും നടപടിക്രമങ്ങൾക്കും വേണ്ടത്ര സമയം നൽകാത്തതാണ് അന്തിമ വോട്ടർ പട്ടികയുടെ കാര്യത്തിൽ ഉദ്യോഗസ്ഥരുടെയും വോട്ടർമാരുടെയും ആശങ്കക്കിടയാക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ഇറക്കിയ അന്തിമ വോട്ടർ പട്ടികയിൽ നിരവധി ആക്ഷേപങ്ങൾ ഉയർന്നതിനെത്തുടർന്ന് പട്ടികയിൽ പേരുകൾ ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും അവസരം നൽകിയിരുന്നു. നവംബർ നാല്, അഞ്ച് തീയതികളിലാണ് ആക്ഷേപങ്ങൾ സമർപ്പിക്കേണ്ടിയിരുന്നത്. ഈ അപേക്ഷകളിൽ നവംബർ 13 വരെയായിരുന്നു ഹിയറിങ്. എന്നാൽ, ഹിയറിങ് കഴിഞ്ഞ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാൻ ഒരു ദിവസം മാത്രമാണ് അനുവദിച്ചത്. ആക്ഷേപങ്ങൾ പരിഹരിച്ച് നവംബർ 14ന് പട്ടിക പ്രസിദ്ധീകരിക്കണമെന്നായിരുന്നു നിർദേശം.
നൂറുകണക്കിന് അപേക്ഷകൾ എത്തിയതായി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർമാരുടെ (ഇ.ആർ.ഒ) ചുമതലയുള്ള സെക്രട്ടറിമാർ പറയുന്നു. സൂക്ഷ്മമായി പരിശോധിക്കാൻ സമയം ലഭിക്കാത്തതിനാൽ അവ തള്ളുകയല്ലാതെ നിർവാഹമൊന്നുമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഡേറ്റ എൻട്രി നടത്താനുള്ള ലിങ്ക് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുമില്ല. സ്വന്തം കൈപ്പടയിൽ തയാറാക്കാനാണ് മുകളിൽനിന്നുള്ള നിർദേശം.
വോട്ട് തള്ളുന്നതു സംബന്ധിച്ചുള്ളത് ഉൾപ്പെടെ നാലുവീതം പകർപ്പുകൾ തയാറാക്കേണ്ടതുണ്ട്. ഇത് ചുരുങ്ങിയ ദിവസത്തിനുള്ളിൽ എങ്ങനെ തയാറാക്കുമെന്ന് ഉദ്യോഗസ്ഥർക്ക് ഒരു നിശ്ചയവുമില്ല. തയാറാക്കിയാൽതന്നെ പരാതിക്കാരനും വോട്ടർക്കും എത്തിച്ചുനൽകാനും കഴിയില്ല. കൂടിക്കാഴ്ചക്ക് ഏഴു ദിവസമെങ്കിലും നൽകുകയും വേണം. ഇതിനൊന്നും സാവകാശമില്ലാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ തർക്കമറ്റ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക മനുഷ്യസാധ്യമല്ലെന്നാണ് ചുമതലയുള്ളവർ പറയുന്നത്.


