22 മണിക്കൂർ നീണ്ട രക്ഷാദൗത്യം; ഒടുവിൽ കിണറ്റിൽ വീണ ആന കരകയറി
text_fieldsഅരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം കൂരങ്കലിലെ ജനവാസ മേഖലയിലെ കിണറിൽ വീണ കാട്ടുകൊമ്പനെ 22 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ വനപാലകർ പുറത്തെത്തിച്ചു. വ്യാഴാഴ്ച പുലർച്ച ഒന്നോടെയാണ് കൂരങ്കൽ സ്വദേശി സണ്ണിയുടെ വീട്ടുവളപ്പിലെ കിണറിൽ കൊമ്പൻ വീണത്.
ബുധനാഴ്ച രാത്രിയാണ് രണ്ടു കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയത്. ഇവയെ കാടുകയറ്റാൻ പടക്കംപൊട്ടിച്ചും ബഹളമുണ്ടാക്കിയും നാട്ടുകാർ ശ്രമിച്ചു. ഇതിനിടെയാണ് ആനകളിലൊന്ന് കിണറിൽ വീണത്. തുടർന്ന് വനപാലകരെത്തി ആനയെ കിണറിൽനിന്ന് കയറ്റാൻ ശ്രമം നടത്തിയെങ്കിലും പ്രദേശവാസികൾ തടഞ്ഞു. കിണറിൽനിന്ന് കയറ്റിയാൽ ആനയെ ഈ മേഖലയിൽതന്നെ വിട്ടയക്കാൻ സമ്മതിക്കില്ലെന്ന തീരുമാനത്തിൽ പ്രദേശവാസികൾ ഉറച്ചുനിന്നു. ഇതോടെയാണ് 25 അടി താഴ്ചയുള്ള കിണറിൽ 22 മണിക്കൂർ വെള്ളവും ഭക്ഷണവുമില്ലാതെ ആന കുടുങ്ങിക്കിടന്നത്.
നിലമ്പൂർ സൗത്ത്, നോർത്ത് ഡി.എഫ്.ഒമാരുടെ നേതൃത്വത്തിൽ പലതവണ പ്രദേശവാസികളുമായി ചർച്ച നടത്തിയെങ്കിലും നാട്ടുകാർ തീരുമാനത്തിൽ ഉറച്ചുനിന്നു. സബ് കലക്ടർ അനുപമ ത്രിപാഠി ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി വീണ്ടും ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതിനിടെ പ്രദേശവാസികൾ റോഡിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. രാത്രി ഏഴോടെ വെറ്റിലപ്പാറ പള്ളിയിലെ വികാരി, തഹസിൽദാർ, സബ് കലക്ടർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് പ്രദേശവാസികൾ ഉദ്യോഗസ്ഥർക്കു മുന്നിൽ നിബന്ധനകൾവെച്ച് സമവായത്തിന് തയാറായത്.
കിണറിന്റെ ഉടമ സണ്ണിക്ക് ഒന്നര ലക്ഷം രൂപ നൽകുക, ആനയെ കുങ്കിയാനയെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് എത്തിക്കുക, ദുരന്തനിവാരണ ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ച് വേലി നിർമിക്കുക തുടങ്ങിയ നിബന്ധനകളാണ് പ്രദേശവാസികൾ മുന്നോട്ടുവെച്ചത്. ഇത് ഉദ്യോഗസ്ഥർ അംഗീകരിക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജനങ്ങളോട് വീട്ടിലേക്കു പോകാൻ ആവശ്യപ്പെട്ടു.
രാത്രി എട്ടോടെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരു വശത്ത് കുഴിയെടുത്താണ് ആനയെ പുറത്തെത്തിച്ചത്. തുടർന്ന് പടക്കംപൊട്ടിച്ച് ആനയെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വയനാട്ടിൽനിന്ന് കുങ്കിയാനകളെ എത്തിച്ച് കൊമ്പനെ ഉൾക്കാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് നോർത്ത് ഡി.എഫ്.ഒ പി. കാർത്തിക് പറഞ്ഞു.