Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുണ്ടുമുറുക്കണമെന്ന്...

മുണ്ടുമുറുക്കണമെന്ന് ധനവകുപ്പ്; അനാവശ്യ പദ്ധതികൾ നിർത്തണം, അറ്റകുറ്റപ്പണി മാറ്റിവെക്കണം, എവിടെ ചെലവ് കുറക്കാമെന്ന് വകുപ്പ് മേധാവികൾ പരിശോധിക്കണം

text_fields
bookmark_border
മുണ്ടുമുറുക്കണമെന്ന് ധനവകുപ്പ്; അനാവശ്യ പദ്ധതികൾ നിർത്തണം, അറ്റകുറ്റപ്പണി മാറ്റിവെക്കണം, എവിടെ ചെലവ് കുറക്കാമെന്ന് വകുപ്പ് മേധാവികൾ പരിശോധിക്കണം
cancel

തിരുവനന്തപുരം: സംസ്ഥാന ധനസ്ഥിതി സംബന്ധിച്ച് ഭരണ-പ്രതിപക്ഷ പോരും ധവളപത്ര വാദ-പ്രതിവാദങ്ങളും തുടരുന്നതിനിടെ ധനപ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കണമെന്ന് വകുപ്പുകളോട് നിർദേശിച്ച് ധനവകുപ്പ് സർക്കുലർ. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയാറാക്കലുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങളിലാണ് പ്രതിസന്ധി അടിവരയിടുന്നത്. ലാഭകരമല്ലാത്തതോ അനാവശ്യമോ ആയ പദ്ധതികൾ നിർത്തലാക്കാനോ അല്ലെങ്കിൽ അത്യാവശ്യമല്ലാത്ത അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ളവ മാറ്റിവെക്കാനോ വകുപ്പുകൾ ശ്രദ്ധിക്കണമെന്ന് സർക്കുലറിൽ പറയുന്നു.

നിലവിലുള്ള എല്ലാ പരിപാടികളും പദ്ധതികളും പ്രവൃത്തികളും വകുപ്പ് മേധാവികൾ സൂക്ഷ്മമായി പരിശോധിക്കണം. അവ തുടരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന അവലോകന റിപ്പോർട്ട് ബജറ്റ് എസ്റ്റിമേറ്റിനൊപ്പം സമർപ്പിക്കണം. ബജറ്റ് തയാറാക്കുന്നത് കേവലം അക്കൗണ്ട്സ് വിഭാഗത്തിന്റെ യാന്ത്രിക ജോലിയായി കാണരുത്. ഓരോ യൂനിറ്റിലും എവിടെയൊക്കെ ചെലവ് കുറക്കാമെന്ന് വകുപ്പ് മേധാവികൾ നേരിട്ട് പരിശോധിച്ച് തീരുമാനമെടുക്കണം.

പദ്ധതികൾ നടപ്പാക്കുന്ന രീതി പരിഷ്കരിക്കാനും സാമ്പത്തിക ലാഭമുണ്ടാക്കാനുമുള്ള പ്രാഥമിക ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ്. ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ചില പദ്ധതികൾ നിർത്തലാക്കേണ്ടി വരികയോ, മറ്റ് വകുപ്പുകളിലെ സമാന പദ്ധതികളുമായി ലയിപ്പിക്കുകയോ ചെയ്യേണ്ടി വന്നേക്കാം.

പദ്ധതി നിർത്തലാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുമ്പോൾ ആ പദ്ധതിയിലുണ്ടായിരുന്ന ജീവനക്കാർ അധികമാകും. എന്നാൽ, ഇവരെ പിരിച്ചുവിടാൻ പാടില്ല. പകരം, അത്തരം ജീവനക്കാരുടെ പൂർണ പട്ടിക തയാറാക്കി സൂക്ഷിക്കുകയും ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് വിന്യസിക്കുകയും വേണം. മുൻവർഷത്തെ അക്കൗണ്ടുകളിൽ ചെറിയ വർധനവ് വരുത്തി ബജറ്റ് തയാറാക്കുന്ന രീതി ഒഴിവാക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു. അതേസമയം, എല്ലാ വർഷവും ബജറ്റ് നിർദേശങ്ങൾ സംബന്ധിച്ച് സമാന സ്വഭാവത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്. ഭരണമാറ്റത്തിന് ശേഷവും അതേ സ്വഭാവത്തിലാണ് നിർദേശങ്ങൾ ആവർത്തിക്കുന്നത്.

യു.ഡി.എഫ് സർക്കാർ അധികാരമേറ്റതു മുതൽ സംസ്ഥാന സാമ്പത്തിക സ്ഥിതിയെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങൾ വലിയ വാദപ്രതിവാദങ്ങളാണ്. ഇരുപക്ഷവും ധവളപത്രങ്ങളും പുറത്തിറക്കിയിരുന്നു. ജൂണിൽ നിയമസഭയിൽ സമർപ്പിച്ച യു.ഡി.എഫിന്റെ ധവളപത്രത്തിൽ കേരളത്തിന്റെ സാമ്പത്തിക ഘടന ഗുരുതര പ്രതിസന്ധിയിലാണെന്ന് അവകാശപ്പെട്ടപ്പോൾ, 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് കീഴിൽ സംസ്ഥാനം ശക്തമായ വളർച്ച കൈവരിച്ചുവെന്ന് സി.പി.എം ബദൽ ധവളപത്രത്തിൽ പറയുന്നു.

ശമ്പളച്ചെലവ്: കൃത്യം കണക്ക് നൽകണം

ശമ്പളവുമായി ബന്ധപ്പെട്ട് സ്പാർക്കിലെ വിവരങ്ങൾ കൂടി പരിഗണിച്ച് കൃത്യമായ കണക്കുകൾ നൽകണം. മുൻ വർഷത്തെ കണക്കുകൾ ആവർത്തിക്കാതെ, നടപ്പ് വർഷത്തെ യഥാർഥ ചെലവുകളും വരാനിരിക്കുന്ന മാസങ്ങളിലെ പ്രതീക്ഷിക്കുന്ന ചെലവുകളും കണക്കിലെടുത്ത് യാഥാർഥ്യബോധത്തോടെ എസ്റ്റിമേറ്റ് തയാറാക്കണം. സർക്കാറിൽനിന്ന് പ്രത്യേക അനുമതി ലഭിക്കാതെ പുതിയ ജോലികൾക്കായുള്ള നിർദേശങ്ങൾ ചീഫ് എൻജിനീയർമാരോ അഡ്മിനിസ്ട്രേറ്റിവ് വകുപ്പുകളോ സമർപ്പിക്കാൻ പാടില്ല. റവന്യൂ, പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ കെട്ടിടങ്ങളുടെയും യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപ്പണിക്കായി മതിയായ തുക വകയിരുത്തണമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

Show Full Article
TAGS:VD Satheesan White Paper Cost Cutting Kerala Govt 
News Summary - Finance department calls for austerity: stop unnecessary projects, defer maintenance, cut costs
Next Story