സീതത്തോട് സര്‍വിസ് സഹകരണ ബാങ്കിൽ രണ്ടു കോടിയുടെ തട്ടിപ്പ്
text_fieldsപത്തനംതിട്ട: കോന്നി മണ്ഡലത്തിലെ സീതത്തോട് സര്‍വിസ് സഹകരണ ബാങ്കിൽ രണ്ടു കോടി രൂപയുടെ തട്ടിപ്പ്. സഹകാരികളുടെ സ്ഥിര നിക്ഷേപത്തിൽ തിരിമറി നടത്തുകയായിരുന്നു. റാന്നി അസി.ഡയറക്ടറേറ്റ് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഓഡിറ്റ് റിപ്പോർട്ട് നൽകിയെങ്കിലും അതിൽ നടപടിയോ തുടരന്വേഷണമോ ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച് രേഖകൾ സഹിതം സി.പി.എം ജില്ല സെക്രട്ടറിക്ക് അടക്കം പാർട്ടി പ്രവർത്തകർ പരാതി നൽകിയിട്ടും ഭരണസമിതിക്കെതിരെയോ തട്ടിപ്പ് നടത്തിയവർക്ക് എതിരെയോ പാർട്ടിയും അനങ്ങിയില്ല. കാലങ്ങളായി എൽ.ഡി.എഫാണ് ബാങ്ക് ഭരിക്കുന്നത്.
രണ്ടു കോടി രൂപ വിവിധ അക്കൗണ്ടിലേക്ക് വരാനുണ്ടെന്നാണ് ഓഡിറ്റർമാരുടെ കണ്ടെത്തൽ. സ്ഥിരനിക്ഷേപത്തില്‍നിന്ന് സഹകാരി അറിയാതെ ലോണെടുത്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ് സ്ഥിര നിക്ഷേപം പിന്‍വലിക്കാനെത്തുമ്പോള്‍ മറ്റൊരാളുടെ നിക്ഷേപത്തില്‍നിന്ന് അവര്‍ അറിയാതെ വായ്പ എടുത്ത് ഈ തുക കൊടുക്കുകയാണ് ചെയ്യുന്നത്.
കേരള ബാങ്ക് എംപ്ലോയീസ് യൂനിയെൻറ ജില്ല സെക്രട്ടറിക്ക് എന്‍.ജി.ഒ യൂനിയന്‍ ഏരിയ സെക്രട്ടറി ഇതു സംബന്ധിച്ച് നേരത്തേ പരാതി നല്‍കിയിരുന്നു. ബാങ്കില്‍ ക്രമക്കേട് നടക്കുന്നുവെന്നും പരിശോധിക്കാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു പരാതി. ഇതേകാര്യം ചൂണ്ടിക്കാട്ടി സി.പി.എം ജില്ല കമ്മിറ്റിയംഗം ജില്ല സെക്രട്ടറിക്കും പരാതി കൊടുത്തിരുന്നു. ഇതെല്ലാം ഒതുക്കിയതായാണ് ആക്ഷേപം.
സ്ഥിരനിക്ഷേപം നടത്താതെയും അതിെൻറ ഈടിന്മേല് എഫ്.ഡി വായ്പകള്‍ വിതരണം ചെയ്തു, യാതൊരു രേഖയുമില്ലാതെ എസ്.ബി അക്കൗണ്ടില്‍നിന്നും മറ്റൊരു എസ്.ബി അക്കൗണ്ടിലേക്ക് വന്‍ തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്തു, ഒരു കാരണവും കാണിക്കാതെ സെക്രട്ടറി വലിയ തുകകള്‍ അഡ്വാന്‍സ് ചെയ്തു, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് മറ്റ് ബാങ്കുകളില്‍ ബാധ്യത ഉള്ളതായി വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ആ വസ്തുവില്‍ വായ്പ വിതരണം ചെയ്തു, വായ്പ തുകയില്‍ ഈട് വസ്തുവിെൻറ മതിപ്പ് വില രേഖപ്പെടുത്താറില്ല, നിരവധി വൗച്ചറുകള്‍ നഷ്ടപ്പെട്ടു, ബാങ്കില്‍ ഓഡിറ്റ് നടത്തിയ അഞ്ച് ഓഡിറ്റര്‍മാരെ തുടരെ സ്ഥലം മാറ്റി എന്നിങ്ങനെ ക്രമക്കേടുകള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടായില്ല.
ബാങ്ക് പ്രസിഡൻറിെൻറയും സെക്രട്ടറിയുടെയും പേരില്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഫെഡറല്‍ സഹകാരി കറൻറ് അക്കൗണ്ട് തുറന്ന് അതിലേക്ക് സഹകരണ ബാങ്കില്‍ നിന്ന് 3,08,322 രൂപ ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന് രേഖയിലുണ്ട്. ഇൗ തുക ഫെഡറല്‍ സഹകാരി അക്കൗണ്ടില്‍ ചെന്നിട്ടിെല്ലന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.