കാര്‍ഗോ സെക്ഷനില്‍ അഗ്നി ബാധ സിഗ്നല്‍; പറന്നുയർന്ന് ഒന്നരമണിക്കൂറിന് ശേഷം, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ തിരിച്ചിറക്കി
text_fieldsമുടങ്ങിയ വിമാനത്തിലെ 20പേർ കൊച്ചിക്കുള്ള യാത്രയിൽ
മസ്കത്ത്/മത്ര: മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയർന്ന് ഒന്നരമണിക്കൂറിന് ശേഷം മസ്കത്തിൽതന്നെ തിരിച്ചിറക്കി. വിമാനത്തിലെ കാര്‍ഗോ സെക്ഷനില്‍ അഗ്നിബാധ സിഗ്നല്‍ കാണിച്ചതിനെ തുടർന്ന് ഐ.എക്സ് 338 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
മസ്കത്തിൽ ലാൻഡ് ചെയ്തപ്പോള്‍ ഫയര്‍ ആൻഡ് റസ്ക്യൂ ടീമും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. വ്യാഴാഴ്ച പുലർച്ച 2.50ന് പുറപ്പെടേണ്ട വിമാനം പതിവിന് വിപരീതമായി 2.30ന് ആണ് യാത്ര തിരിച്ചത്. യാത്ര പകുതി പിന്നിട്ടപ്പോൾ പിൻഭാഗത്തുനിന്നും ചെറിയ ശബ്ദവും മറ്റും കേട്ടതായി യാത്രക്കാർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഗ്നിബാധ സിഗ്നലാണെന്ന് മനസ്സിലായത്. ഇതോടെ വിമാനം മസ്കത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു.
സർവിസ് മുടങ്ങിയതോടെ യാത്രക്കാർക്ക് ഹോട്ടൽ സൗകര്യവും ഭക്ഷണവും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഒരുക്കിയിരുന്നു. യാത്രക്കാരിൽ പലരും കൊച്ചിയിലേക്കുള്ള വിമാനത്തിലും മറ്റുമായി വ്യാഴാഴ്ച ഉച്ചക്കും രാത്രിയിലുമായാണ് നാടണഞ്ഞത്. ചിലർ യാത്ര മാറ്റിവെക്കുകയും ചെയ്തു.
തകരാറുകൾ കണ്ടെത്തിയ വിമാനത്തിൽ പിന്നീട് യാത്ര തുടരാൻ നിർബന്ധിച്ചെങ്കിലും ഒറ്റക്കെട്ടായി പ്രതിഷേധിച്ചതോടെ സർവിസ് റദ്ദാക്കുകയായിരുന്നുവെന്ന് യാത്രക്കാരനായ പട്ടാമ്പി സ്വദേശി ഷാനിബ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
അതേസമയം, പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം മസ്കത്ത് വിമാനത്താവളത്തിലേക്ക് തന്നെ വിമാനം തിരിച്ചിറക്കിയത് പരിഭ്രാന്തിയാണ് ഉണ്ടാക്കിയതെന്ന് യാത്രക്കാർ പറഞ്ഞു. ഏകദേശം നാടണയാനായി എന്ന പ്രതീക്ഷയില്‍ കഴിയവെ അപ്രതീക്ഷിതമായി വന്ന അറിയിപ്പുകളും മുന്നൊരുക്ക നിർദേശങ്ങളും ഭീതി പടർത്തുകയായിരുന്നു.
നീണ്ടകാലത്തെ വിദേശ യാത്രാനുഭവങ്ങളില്‍ ഇത്രയും ഭയപ്പെട്ട ഒരു യാത്ര ആദ്യമാണെന്ന് മത്രയിലെ വ്യാപാരിയായ പൊന്നാനി സ്വദേശി അന്‍വര്‍ പറഞ്ഞു. 150ഓളം യാത്രക്കാര്‍ ആശങ്കയുടെയും ഭീതിയുടെയും മണിക്കൂറുകള്‍ താണ്ടി മരണഭയം മുഖാമുഖം ദര്‍ശിച്ച് പരിഭ്രാന്തരായ കാഴ്ചയായിരുന്നു പലരിലും.
ചികിത്സക്കായും അത്യാവശ്യങ്ങള്‍ക്കായും യാത്ര പുറപ്പെട്ടവരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം തീതിന്ന അവസ്ഥയിലായിരുന്നു.
പ്രാര്‍ഥനാനിര്‍ഭരമായ സമയങ്ങളിലൂടെ കഴിഞ്ഞു കൂടി ഒടുവില്‍ വിമാനം മസ്കത്തില് തിരികെ ഇറക്കിയശേഷമാണ് ആശ്വാസത്തിന്റെ നെടുവീര്പ്പിട്ടതെന്ന് അന്‍വര്‍ പൊന്നാനി പറഞ്ഞു.