ആംബുലൻസില്ലാ അഗ്നിരക്ഷാ നിലയങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്തെ പകുതി അഗ്നിരക്ഷാ നിലയങ്ങളിലും അവശ്യ സർവിസായ ആംബുലൻസ് ഇല്ല. വിവിധ ജില്ലകളിലായി ആകെയുള്ള 129 ഫയർ സ്റ്റേഷനുകളിൽ ആംബുലൻസ് ഉള്ളത് 75 ഇടങ്ങളിലാണ്. ബാക്കി 54 കേന്ദ്രങ്ങളിൽ ആംബുലൻസ് ഇല്ലാതെയാണ് പ്രവർത്തനമെന്ന് വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു.
അഗ്നിരക്ഷാ സേനയുടെ സേവനം നൽകുന്ന അപകട സ്ഥലങ്ങളിലും ദുരന്ത ബാധിത മേഖലകളിലുമെല്ലാം അടിയന്തിരമായി രോഗികൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനാണ് ആംബുലൻസ് നൽകിയത്. കൂടാതെ പൊതുജനങ്ങൾക്ക് ഫീസടച്ചും ആംബുലൻസ് സേവനം തേടാം. എന്നാൽ, പലപ്പോഴും ആംബുലൻസില്ലാത്തത് വിവിധ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
● സ്വന്തമായി കെട്ടിടം 79 ഫയർ സ്റ്റേഷനുകൾക്കു മാത്രം. 50 എണ്ണത്തിനു സ്വന്തമായി കെട്ടിടമില്ല. 25 നിലയങ്ങൾ വാടകക്ക്; 25 എണ്ണത്തിന്റെ കാര്യത്തിൽ വ്യക്തതയില്ല.
● ഏറ്റവും കൂടുതൽ അഗ്നിരക്ഷാ നിലയങ്ങൾ എറണാകുളം ജില്ലയിൽ -18 എണ്ണം. ഇവിടെ എട്ടിടങ്ങളിൽ ആംബുലൻസ് ഇല്ല.
● തൃശൂരിൽ പത്ത് ഫയർ സ്റ്റേഷനുകളിൽ ഏഴെണ്ണവും വാടക കെട്ടിടത്തിൽ.
● ഏറ്റവും കുറവ് വയനാടാണ്-മൂന്നെണ്ണം. മൂന്നിടങ്ങളിലും ആംബുലൻസ് ലഭ്യമാണ്.
● അഗ്നിരക്ഷാ സേനയിൽ ആകെ 4807 അംഗങ്ങൾ. 83 വനിതകൾ. 100 ആണ് വനിത ജീവനക്കാരുടെ തസ്തിക.
പരിശീലന സ്ഥാപനങ്ങൾ സ്വന്തം കെട്ടിടത്തിൽ
ജില്ലകളിലെ ഫയർ സ്റ്റേഷനുകൾ കൂടാതെ തൃശൂർ, എറണാകുളം ജില്ലകളിലായി ഫയർ ആൻഡ് റെസ്ക്യൂ സർവിസസിനു കീഴിൽ പരിശീലന സ്ഥാപനങ്ങളുണ്ട്. തൃശൂർ വിയ്യൂരിലെ ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് അക്കാദമിയും എറണാകുളം ഫോർട്ട്കൊച്ചിയിലെ ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രവുമാണ് ഇവ. ഇതു രണ്ടും സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.