അനുമതിയില്ലാതെയും കരിമരുന്ന് പ്രയോഗങ്ങൾ അരങ്ങേറുന്നു, വിളിച്ചുവരുത്തരുത് ദുരന്തം
text_fieldsകൊച്ചി: പലതവണ വെടിക്കെട്ട് അപകടങ്ങൾക്ക് സാക്ഷ്യംവഹിച്ച കേരളത്തിൽ അനുമതിയില്ലാതെയും കരിമരുന്ന് പ്രയോഗം അരങ്ങേറുന്നുവെന്ന് ആഭ്യന്തര വകുപ്പിന്‍റെ കണക്കുകൾ. വെടിക്കെട്ട്, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവ അനധികൃതമായി നടത്തിയതുമായി ബന്ധപ്പെട്ട് 2024ൽ മാത്രം 32 കേസുകൾ രജിസ്റ്റർ ചെയ്തു. വെടിക്കെട്ടും കരിമരുന്ന് പ്രയോഗങ്ങളും നടത്തുന്നതിന് അനുമതിക്കായി 155 അപേക്ഷകളാണ് ഒരുവർഷത്തിനിടെ പൊലീസിന് മുന്നിലെത്തിയത്. ഇതിൽ 145 എണ്ണവും നിഷേധിക്കപ്പെട്ടെന്നും രേഖകൾ വ്യക്തമാക്കുന്നു.
വെടിക്കെട്ടും കരിമരുന്ന് പ്രയോഗങ്ങളും നടത്തുന്നതിന് അനുമതി നൽകുന്നത് ജില്ല ഭരണകൂടമാണ്. ലഭ്യമാകുന്ന അപേക്ഷകൾ റിപ്പോർട്ടിനായി ജില്ല പൊലീസ് മേധാവി, ജില്ല ഫയർ ഓഫിസർ, ബന്ധപ്പെട്ട തഹസിൽദാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് അയക്കും. 2008ലെ എക്സ്പ്ലോസിവ് ചട്ടങ്ങൾ, പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ നിബന്ധനകൾ, സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ, സ്ഫോടകവസ്തു ചട്ടങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിപ്പിക്കുന്ന ഉത്തരവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാണ് അപേക്ഷയിൽ തീരുമാനമെടുക്കുക. 2016 മുതൽ ഇതുവരെ 24 വെടിക്കെട്ട് അപകടങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ 134 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 620 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.