പുതിയങ്ങാടിയിൽ വീണ്ടും ഫൈബർ വള്ളം മറിഞ്ഞു, മത്സ്യത്തൊഴിലാളി മരിച്ചു; ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണം
text_fieldsകണ്ണൂർ: പുതിയങ്ങാടി ചൂട്ടാട് കടലിൽ വീണ്ടും ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആസാം സ്വദേശി റിയാസുൽ ഇസ്‌ലാം (39) ആണ് മരിച്ചത്. മീൻപിടിത്തത്തിനിടെ ഒരാളെ കാണാതായതായി ഒപ്പമുണ്ടായിരുന്നവർ അറിയിച്ചപ്രകാരമാണ് തെരച്ചിൽ നടന്നത്. പയ്യന്നൂർ ഫയർ ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ.
മേഖലയിൽ മീൻപിടിത്ത വളളങ്ങൾ മറിഞ്ഞുള്ള അപകടങ്ങൾ തുടരുകയാണ്. ചൂട്ടാട് അഴിമുഖത്ത് മണൽതിട്ടകളിൽ തട്ടിയും ശക്തമായ കാറ്റിൽ തിരകളിൽ പെട്ടുമാണ് അപകടങ്ങളുണ്ടാവുന്നത്. ശനിയാഴ്ചയുണ്ടായ അപകടത്തിൽ കന്യാകുമാരി പുത്തുംതുറ സ്വദേശി സ്വദേശി സളമോൻ ലോപ്പസ് (63) മരിച്ചിരുന്നു. പാലക്കോട്നിന്ന് മീൻപിടിത്തത്തിന് പോയ ഫൈബർ വള്ളമാണ് ചൂട്ടാട് അഴിമുഖത്ത് മണൽതിട്ടയിൽ തട്ടി മറിഞ്ഞത്. ഒമ്പത് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. പരിക്കേറ്റ സെൽവ ആന്റണി, ലേല അടിമൈ എന്നിവരെ പുതിയങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പാലക്കോട് പുഴയില്‍ ശനിയാഴ്ച മീൻപിടിക്കാൻ പോയ ചെറുതോണി മറിഞ്ഞ് പയ്യന്നൂര്‍ പുഞ്ചക്കാട് നെടുവിള പടിഞ്ഞാറ്റതില്‍ എന്‍.പി. അബ്രഹാം (49) മരിച്ചിരുന്നു. തോണി മറിഞ്ഞ് കാണാതായ ഇയാളുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് മത്സ്യതൊഴിലാളികൾ കണ്ടെത്തിയത്. വളപട്ടണത്തു നിന്നും നാല് കിലോമീറ്ററോളം അകലെ ആഴക്കടലിൽ നോര്‍ത്ത് 54-ലായിരുന്നു മൃതദേഹം. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ വീശിയടിച്ച ശക്തമായ കാറ്റില്‍പെട്ട് തോണി മറിയുകയായിരുന്നു. അബ്രഹാമും പുഞ്ചക്കാട്ടെ തന്നെ എരമംഗലം വര്‍ഗീസുമാണ് തോണിയിലുണ്ടായിരുന്നത്. വർഗീസ് നീന്തി രക്ഷപ്പെട്ടു.
മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലുകൾ കൊണ്ടാണ് മിക്ക അപകടങ്ങളിലും മത്സ്യതൊഴിലാളികൾ രക്ഷപ്പെടുന്നത്. 2017 മുതൽ ഇതു വരെയായി ഈ ഭാഗത്തുണ്ടായ അപകടങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളുൾപ്പടെ 10 പേർക്കാണ് ജീവഹാനി സംഭവിച്ചത്. പാലക്കോട് ഭാഗത്ത് പുലിമുട്ട് നിർമാണം ആരംഭിച്ചതോടെയാണ് അഴിമുഖത്ത് വലിയ മണൽ തിട്ടകൾ രൂപപ്പെട്ടു തുടങ്ങിയത്. നേരത്തെ നിശ്ചയിച്ച നിർമാണത്തിന്റെ ഘടനയിൽ വരുത്തിയ മാറ്റമാണ് മണൽ തിട്ടക്ക് കാരണമായതെന്നാണ് ആരോപണം.