കക്കാ വാരുന്നതിനിടെ വേമ്പനാട്ട് കായലിൽ വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കിട്ടി
text_fieldsസജിമോൻ (54)
മണ്ണഞ്ചേരി: വേമ്പനാട്ട് കായലിൽ കാറ്റിലും കോളിലുംപ്പെട്ട് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് നോർത്ത് ആര്യാട് കൈതവളപ്പിൽ സജിമോന്‍റെ (കൊച്ചുമോൻ 54) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 9.30 ഓടെ റാണി ചിത്തിര കായലിനോട് ചേർന്നുള്ള പുത്തനാറിൽ നിന്നും തിരച്ചിൽ സംഘം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വള്ളം മുങ്ങി സജിമോനെ കാണാതായത്.
നാട്ടുകാരും അഗ്നിരക്ഷ സേനയും പലതവണ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സജിമോൻ ഭക്ഷണം കൊണ്ട് പോയ പത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു തിരച്ചിൽ. കക്ക നിറച്ച വള്ളം പൂർണമായും അപകടം നടന്ന ഉടൻ മുങ്ങിപ്പോയിരുന്നു. പ്രതികൂല കാലാവസ്ഥ ആയിരുന്നതിനാൽ വൈകിട്ട് തിരച്ചിൽ നിർത്തിവെച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും തിരച്ചിൽ നടത്തുന്നതിനിടെ പായലിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പരേതനായ സിദ്ധാർഥന്‍റെയും സരസമ്മയുടെയും മകനാണ് സജിമോൻ. ഭാര്യ:ആശ. മകൻ: ആദർശ് ( അറവുകാട് ഐ.ടി. ഐ വിദ്യാർഥി). തിങ്കളാഴ്ച രാവിലെയുണ്ടായ കനത്ത കാറ്റിൽ നിരവധി വള്ളങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കരിമുറ്റത്ത് ഷിബു ഉൾപ്പടെയുള്ളവരുടെ വള്ളങ്ങളും എഞ്ചിനും നഷ്ടപ്പെട്ടിരുന്നു. ഷിബു തലനാരിഴക്കാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.


