പച്ച മത്സ്യം ചൂടാക്കി കഴിച്ചു; മഴവെള്ളം കുടിച്ചു, കടലിൽ ഒറ്റപ്പെട്ടവർ തിരിച്ചെത്തി
text_fieldsപ്രതീകാത്മക ചിത്രം (Image Credit: Wikimedia Commons)
കൊച്ചി: കുടിക്കാൻ വെള്ളമില്ല, കഴിക്കാൻ ഭക്ഷണവും... ചെറുബോട്ടിന്റെ എഞ്ചിൻ തകരാറിലായി നടുക്കടലിൽ അകപ്പെട്ട ലക്ഷദ്വീപുകാരായ നാല് മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് രക്ഷപ്പെടലിന്റെ കദന കഥ. പത്ത് ദിവസത്തിലേറെയാണ് ഇവർ പുറംകടലിൽ ഒറ്റപ്പെട്ടത്. ഒടുവിൽ ശ്രീലങ്കൻ രക്ഷാ ബോട്ടിൽ അവിടെയെത്തിയ ഇവർ വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി കൊച്ചിയിലെത്തി. കടൽ പ്രക്ഷുബ്ധമായ ദിനത്തിലായിരുന്നു ബോട്ടിന്റെ എഞ്ചിൻ നിലച്ചത്.
പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. എന്തുചെയ്യുമെന്നറിയാതെ വിഷമിച്ച ദിനങ്ങളിൽ കൈവശമുണ്ടായിരുന്ന ബിസ്ക്കറ്റ് ഒന്നോ രണ്ടോ വീതം കഴിച്ചായിരുന്നു വിശപ്പിനെ തടഞ്ഞത്. രാത്രിയും പകലും കോരിച്ചൊരിയുന്ന മഴയത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചുപിടിച്ച് കുടയാക്കി. മഴവെള്ളം കുടിച്ച് ദാഹമകറ്റി. പാതി പ്രവർത്തിക്കുന്ന എഞ്ചിന്റെ ചൂടിൽ ബോട്ടിലുണ്ടായിരുന്ന മീൻ ചൂടാക്കി കഴിച്ചുമാണ് ജീവൻ നിലനിർത്തിയതെന്ന് മത്സ്യത്തൊഴിലാളി ഇസ്മായിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും നാവിക സേനകളും തീരസേനയും നടത്തിയ തെരച്ചിലാണ് ഇവർക്ക് രക്ഷയായത്. ജൂൺ 25നാണ് മിനിക്കോയ് ദ്വീപിൽ നിന്നും ഗാലക്സി ബോട്ടിൽ ഇസ്മാഈൽ ബഡിക്കോഗോത്തി, ഇബ്രാഹിം ബഡമഗുമത്തിഗേ, ഇസ്മാഈൽ മറിയഗേ, ഹസൻ തമ്പുരുഗണ്ടുഗേ എന്നിവർ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
തൊട്ടടുത്ത ദിവസം എഞ്ചിൻ തകരാറിലായി. വീട്ടിലേക്ക് വിളിച്ചെങ്കിലും നെറ്റ്വർക്ക് ലഭിച്ചില്ല. കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ അവർ പൊലീസിൽ അറിയിച്ചു. തുടർന്ന് തീരസേന തെരച്ചിൽ ആരംഭിച്ചു.
ഇതിനിടെ, ജൂലൈ ആറിന് മറ്റൊരു മീൻപിടിത്ത ബോട്ട് ഇവരെ കണ്ടെത്തി. അവർ ശ്രീലങ്കൻ തീരസേനയെ അറിയിച്ചതോടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശ്രീലങ്കയിലേക്ക് പോയ ഇവർ അവിടെ നിന്ന് കുടുംബത്തെ ബന്ധപ്പെട്ടു. ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് ഇവരെ കൊച്ചി വിമാനത്താവളത്തിൽ സ്വീകരിച്ചു. വരും ദിവസങ്ങളിൽ മിനിക്കോയിലേക്ക് പുറപ്പെടും.