മൂന്ന് ചായയും മൂന്ന് മുട്ട പൊരിച്ചതും വാങ്ങി; പണം നൽകിയത് രണ്ടെണ്ണത്തിന് മാത്രം; ചോദ്യം ചെയ്ത കടയുടമയെ തല്ലിച്ചതച്ച അഞ്ചംഗസംഘം അറസ്റ്റിൽ
text_fieldsപന്തളം: മൂന്ന് ചായ, മൂന്ന് മുട്ട പൊരിച്ചതും വാങ്ങി രണ്ടെണ്ണത്തിന്റെ പണം മാത്രം നൽകിയതിനെ ചൊല്ലി പന്തളത്ത് തട്ടുകടയിൽ അക്രമം. പണം നൽകാത്തത് ചോദ്യം ചെയ്ത തട്ടുകട ഉടമയെ ക്രൂരമായി മർദിച്ച അഞ്ചംഗ സംഘത്തെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂർ മുളക്കുഴ പെരിങ്ങാല രാഹുൽ സദനത്തിൽ ചിറയിൽ മേലേതിൽ എം.എസ്. അഖിൽ (23), ചെങ്ങന്നൂർ കാരയക്കാട് വെട്ടിയിൽ പടിഞ്ഞാറ്റേതിൽ ജിത്തുരാജ് (24), ചെങ്ങന്നൂർ കാരയക്കാട് ക്രിസ്റ്റിവില്ലയിൽ ക്രിസ്റ്റിൻ മോഹനൻ (24) ചെങ്ങന്നൂർ മുളക്കുഴ പന്തുവള്ളി വീട്ടിൽ ഷിയാസ് (24), ചെങ്ങന്നൂർ മുളക്കുഴ അരീക്കര വിനോദ് ഭവനിൽ അഖിൽ ലാൽ (25) എന്നിവരെയാണ് പന്തളം പൊലീസ് സാഹസികമായി പിടികൂടിയത്.
മറ്റ് കൂട്ടാളികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിതായി പൊലീസ് പറഞ്ഞു. പെരിങ്ങാലയിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. എം.സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം തൃപ്തി തട്ടുകടയിൽ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്.
സംഘം ചേർന്ന് ഭക്ഷണം കഴിക്കാൻ എത്തിയ ഇവർ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അക്രമത്തിൽ കട ഉടമ പന്തളം മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തിന് (37) തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇയാൾ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. അക്രമിസംഘം തട്ടുകട പൂർണമായും തകർത്തിരുന്നു.
ബുധനാഴ്ച രാത്രിയിൽ കടയിലെത്തിയ സംഘം മൂന്ന് ചായയും മൂന്ന് മുട്ട പൊരിച്ചതും ആവശ്യപ്പെട്ടു. ഇവ നൽകിയപ്പോൾ സംഘം രണ്ട് ചായ മാത്രമാണ് ഉപയോഗിച്ചത്. ഒരു ചായയും മുട്ട പൊരിച്ചതും കഴിക്കാതെ സംഘം കഴിച്ചതിന്റെ മാത്രം വില നൽകി പോവാൻ ഒരുങ്ങിയപ്പോൾ ശ്രീനാഥൻ മൂന്ന് ചായയുടെയും മുട്ട പൊരിച്ചതിന്റെയും വില തരണമെന്ന് പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടർന്ന് വാക്കേറ്ററായി ശ്രീനാഥനെയും ജീവനക്കാരനെയും സംഘം പിടിച്ചു തള്ളി.
അക്രമം ഉണ്ടായപ്പോൾ കടയിലെ ജീവനക്കാർ പന്തളം പറന്തലിൽ മറ്റൊരു തട്ടുകട നടത്തുന്ന സഹോദരൻ ശ്രീകാന്തിനെ വിവരമറിയിക്കുകയായിരുന്നു. കടയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിക്കും പരിക്കേറ്റു. അക്രമി സംഘം കൂടുതൽ ആളുകളെ വിളിച്ചുവരുത്തിയാണ് തട്ടുകട ആക്രമിച്ചത്. ശ്രീകാന്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതാണെന്നാണ് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞത്. പ്രതികൾക്ക് ലഹരി ഇടപാടുകാരുമായുള്ള ബന്ധം, സമാന കുറ്റകൃത്യങ്ങൾ ഏർപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പന്തളം എസ്.എച്ച്.ഒ ടി.ഡി പ്രജീഷ്, സബ് ഇൻസ്പെക്ടർ അനീഷ് ഏബ്രഹാം, പൊലീസുദ്യോഗസ്ഥരായ എസ്. അൻവർഷ , അൻസാജു, അമൽ ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.