ജനഹിതം തേടിയത് നിയമസഭ കണ്ട അഞ്ചു പേർ; ജയിച്ചു കയറിയത് നാലു പേർ
text_fieldsകെ.എസ്. ശബരീനാഥൻ, കെ.സി. രാജഗോപാൽ, അനിൽ അക്കര, ആർ. ലതാദേവി, ഇ.എം. ആഗസ്തി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജനവിധി തേടിയ അഞ്ച് മുൻ നിയമസഭാംഗങ്ങളിൽ ജയിച്ചു കയറിയത് നാലു പേർ. അരുവിക്കര മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ (കോൺഗ്രസ്), വടക്കാഞ്ചേരി മുൻ എം.എൽ.എ അനിൽ അക്കര (കോൺഗ്രസ്), ആറന്മുള മുൻ എം.എൽ.എ കെ.സി. രാജഗോപാൽ (സി.പി.എം), ചടയമംഗലം മുൻ എം.എൽ.എ ആർ. ലതാദേവി (സി.പി.ഐ) എന്നിവരാണ് തദ്ദേശ പോരിൽ വിജയിച്ചത്. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ഇ.എം. ആഗസ്തി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
കവടിയാറിൽ കെ.എസ്. ശബരിനാഥൻ
തിരുവനന്തപുരം കോർപറേഷനിലെ കവടിയാർ വാർഡിൽ ബി.ജെ.പി സ്ഥാനാർഥി എസ്. മധുസൂദനന്‍ നായരെ 74 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.എസ്. ശബരിനാഥൻ പരാജയപ്പെടുത്തിയത്. കെ.എസ്. ശബരീനാഥൻ - 1235, എസ്. മധുസൂദനന്‍ നായർ (ബി.ജെ.പി) -1161, സുനില്‍കുമാർ എ (സി.പി.എം) - 823, സന്തോഷ് കുമാർ. ആർ - 104, ഐത്തിയൂർ സുരേന്ദ്രൻ (ആർ.പി.ഐ-എ) -8 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ വോട്ട് നില.
മേയർ സ്ഥാനാർഥിയായാണ് കോൺഗ്രസ് കെ.എസ്. ശബരീനാഥനെ രംഗത്തിറക്കിയത്. പിതാവും മുൻ സ്പീക്കറുമായിരുന്ന ജി. കാർത്തികേയന്‍റെ മരണത്തെ തുടർന്നാണ് 2015ൽ ശബരിനാഥൻ അരുവിക്കരയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭയിലെത്തിയത്. 2016ൽ വീണ്ടും നിയമസഭാംഗമായി. 2021ൽ സി.പി.എമ്മിലെ ജി. സ്റ്റീഫനോട് പരാജയപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.
അടാട്ട് പിടിച്ച് അനിൽ അക്കര
അനിൽ അക്കര തൃശൂർ അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിൽ നിന്ന് 319 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചു കയറിയത്. സി.പി.എമ്മിന്റെ കെ.ബി. തിലകനെയാണ് അദ്ദേഹം തോൽപിച്ചത്. അനിൽ അക്കര- 655, കെ.ബി. തിലകൻ-336, ഹരീഷ് വി.ജി-108 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ വോട്ട് നില.
2016ലെ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് വിജയിച്ചാണ് അനിൽ അക്കര നിയമസഭാംഗമായത്. 2021ൽ സി.പി.എമ്മിലെ സേവ്യർ ചിറ്റിലപ്പള്ളിയോട് പരാജയപ്പെട്ടു. 2003 മുതൽ 2010 വരെ അനിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. തൃശൂർ ജില്ല പഞ്ചായത്തംഗവുമായിട്ടുണ്ട്. അനിലിന്‍റെ ഭരണകാലത്ത് മികച്ച പഞ്ചായത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ജയിച്ചു കയറി കെ.സി. രാജഗോപാൽ
ആറന്മുള മുൻ എം.എൽ.എയായ കെ.സി. രാജഗോപാൽ പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നിന്നാണ് വിജയിച്ചത്. 28 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയുടെ രാധാ ചന്ദ്രനെ പരാജയപ്പെടുത്തിയത്. കെ.സി. രാജഗോപാലൻ-324, രാധാ ചന്ദ്രൻ-296, അനൂപ് (ശിവാനി) -37 എന്നിങ്ങനെയാണ് സ്ഥാനാർഥികൾ നേടിയ വോട്ടുകൾ.
സി.പി.എം നേതാവ് രാജഗോപാലും അനിലും നേരത്തെ തദ്ദേശ സ്ഥാപന സാരഥികളായ ശേഷം നിയമസഭയിലെത്തിയവരാണ്. 1979ൽ ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാജഗോപാൽ മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്‍റും 1988ൽ പ്രസിഡന്‍റുമായി. 2006ൽ ആറന്മുള മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് രാജഗോപാൽ നിയമസഭാംഗമായത്.
2011ൽ ഇവിടെ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ കെ. ശിവദാസൻ നായരോട് പരാജയപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന രാജഗോപാൽ നിലവിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗമാണ്.
ചടയമംഗലം ഡിവിഷനിൽ ആർ. ലതാദേവി
ചടയമംഗലം മുൻ എം.എൽ.എയായ ആർ. ലതാദേവി കൊല്ലം ജില്ല പഞ്ചായത്തിലേക്ക് ചടയമംഗലം ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. ഡോ. ആർ ലതാദേവി-26241, ഗോപികാ റാണി കൃഷ്ണ-21268, രാജീകൃഷ്ണൻ-10112 എന്നിങ്ങനെയാണ് സ്ഥാനാർഥികൾ നേടിയ വോട്ടുകൾ.
1996ൽ ചടയമംഗലം മണ്ഡലത്തിൽ നിന്നാണ് ആർ. ലതാദേവി സി.പി.ഐ പ്രതിനിധിയായി നിയമസഭയിലെത്തിയത്. 2001ൽ ഇവിടെ വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്ണനോട് തോറ്റു. മന്ത്രി ജി.ആർ. അനിലിന്‍റെ ഭാര്യയായ ലതാദേവി റിട്ട. കോളജ് അധ്യാപികയാണ്.
ഇ.എം. ആഗസ്തിയെ കൈവിട്ട് ഇരുപതേക്കർ
കട്ടപ്പന നഗരസഭയിലെ ഇരുപതേക്കർ വാർഡിലാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ അഡ്വ. ഇ.എം. ആഗസ്തി കനത്ത തോൽവി നേരിട്ടത്. സി.പി.എമ്മിലെ സി.ആര്‍. മുരളിയാണ് ഇ.എം. ആഗസ്തിയെ പരാജയപ്പെടുത്തിയത്. സി.ആര്‍. മുരളി -303, ഇ.എം. ആഗസ്തി-244, രതീഷ് പി.എസ്-32 എന്നിങ്ങനെയാണ് വോട്ട് നില.
മൂന്നു തവണ എം.എല്‍.എ, ജില്ല ബാങ്ക് പ്രസിഡന്‍റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ഡി.സി.സി പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ച ആഗസ്തി സ്ഥാനാർഥിയായതോടെ കട്ടപ്പന നഗരസഭ തെരഞ്ഞെടുപ്പ് വാർത്തയിൽ നിറഞ്ഞിരുന്നു. കട്ടപ്പന നഗരസഭയായതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു വിജയം. ഇത്തവണ യു.ഡി.എഫിനുള്ളിലെ തമ്മിലടി മുതലെടുത്ത് ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍.ഡി.എഫ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ആഗസ്തി എൽ.ഡി.എഫിന്റെ എം.എം. മണിയോട് പരാജയപ്പെട്ടിരുന്നു. 20,000ത്തിന് മുകളില്‍ ഭൂരിപക്ഷം നേടി മണി വിജയിക്കുമെന്നായിരുന്നു സർവേ ഫലം. ഇതിനോട് പ്രതികരിച്ച ആഗസ്തി മണി ജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ 30,000ല്‍ പരം വോട്ടുകള്‍ക്ക് എം.എം. മണി ജയിച്ചു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിനെ ഒരു മത്സരമായി കണ്ടാല്‍ മതിയെന്നും ആഗസ്തി മൊട്ടയടിക്കരുതെന്ന് മണി ആവശ്യപ്പെട്ടു. എന്നാല്‍, വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന് വ്യക്തമാക്കിയ ആഗസ്തി വേളാങ്കണ്ണിയിലെത്തി തല മൊട്ടയടിക്കുകയായിരുന്നു.


