നവീൻ ബാബു മരിച്ചിട്ട് അഞ്ച് മാസം; ഒന്നും തിരിയാതെ കൈക്കൂലിക്കഥ
text_fieldsനവീൻ ബാബു
കണ്ണൂർ: മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം നടന്നിട്ട് ഇന്നേക്ക് അഞ്ചുമാസം തികയുമ്പോഴും ആർക്കും ഒന്നും തിരിയാതെ ആ കൈക്കൂലിക്കഥ. പെട്രോൾ പമ്പ് തുടങ്ങുന്നതിന് നിരാക്ഷേപ പത്രം ലഭിക്കാൻ എ.ഡി.എം ഒരു ലക്ഷത്തോളം രൂപ കൈക്കൂലി കൈപ്പറ്റിയെന്ന ആരോപണത്തിന് ഒരു തെളിവും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടില്ല. കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോ. കമീഷണറും വിജിലൻസ് സ്പെഷൽ സെല്ലും സർക്കാറിന് നൽകിയ അന്വേഷണ റിപ്പോർട്ടുകൾ. മരണം അന്വേഷിക്കുന്ന കണ്ണൂർ ഡി.ഐ.ജിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിവിധ ഘട്ടങ്ങളിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിലും കൈക്കൂലി സ്ഥിരീകരിക്കുന്നില്ല.
കഴിഞ്ഞ ഒക്ടോബർ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ താമസസ്ഥലത്ത് നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഇദ്ദേഹത്തിന് തലേന്ന് കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിന് നയിച്ചതെന്നാണ് വിവിധ അന്വേഷണ റിപ്പോർട്ടുകൾ. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന നിലക്കായിരുന്നു ദിവ്യയുടെ മുനവെച്ച പ്രസംഗം. പമ്പിന് എൻ.ഒ.സി നൽകാൻ 98,500 രൂപ എ.ഡി.എം വാങ്ങിയെന്ന് ആരോപിച്ച് പമ്പുടമ ടി.വി. പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കത്ത് മരണദിവസം പുറത്തുവന്നിരുന്നു. അത്തരമൊരു കത്ത് മുഖ്യമന്ത്രിക്ക് ലഭിച്ചില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള വിവിധ മറുപടികളിലുള്ളത്. കത്ത് ആര്, എവിടെനിന്ന് തയാറാക്കിയെന്ന കാര്യത്തിലും വ്യക്തതയില്ല. കേസിൽ ദിവസങ്ങൾക്കകം കുറ്റപത്രം സമർപ്പിക്കാനിരിക്കെ എ.ഡി.എമ്മിന്റെ മരണത്തിന് ഇടയാക്കിയ കൈക്കൂലിക്കഥ ഇപ്പോഴും ദുരൂഹമായി തുടരുന്നു.