സോളാറിലെ ഫിക്സഡ് ചാർജ്: കർശന നിയന്ത്രണങ്ങളുമായി തെളിവെടുപ്പ്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കരട് പുനരുപയോഗ ഊർജ ചട്ട ഭേദഗതിയുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഓൺലൈനായി മാത്രം നടത്തിയതിൽ ഹൈകോടതി ഇടപെട്ടതിന് പിന്നാലെ ഫിക്സഡ് ചാർജ് പിരിവുമായി ബന്ധപ്പെട്ട ഹിയറിങ് കടുത്ത നിയന്ത്രണങ്ങളോടെ നടത്തി റെഗുലേറ്ററി കമീഷൻ. കമീഷൻ കോർട്ട് ഹാളിൽ നടന്ന തെളിവെടുപ്പിൽ ഫിക്സഡ് ചാർജ് പിരിവിനെതിരെ പരാതി നൽകിയവരെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും മാത്രമാണ് പ്രവേശിപ്പിച്ചത്.
സാധാരണ ഇത്തരം വിഷയങ്ങളിലെ തെളിവെടുപ്പുകളിൽ ആർക്കും കോർട്ട് ഹാളിലെത്തി കമീഷൻ നടപടികൾ വീക്ഷിക്കാൻ അവസരം നൽകാറുണ്ട്. തെളിവെടുപ്പുകളിൽ അഭിപ്രായം പറയണമെന്നുള്ളവർക്ക് രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്. എന്നാൽ, സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം പുരപ്പുറ സോളാർ വൈദ്യുതോൽപാദകരെ പ്രതിനിധീകരിച്ച് നൽകിയ പരാതി ‘പൊതുപരാതിയല്ലെന്ന’ നിലപാടാണ് കമീഷൻ സ്വീകരിച്ചത്. പുരപ്പുറ സോളാർ പ്ലാൻറുകളിൽനിന്ന് ഉൽപാദിപ്പിച്ച് വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതി കൂടി കണക്കാക്കി ഫിക്സഡ് ചാർജ് ഈടാക്കുന്ന കെ.എസ്.ഇ.ബി നടപടിക്കെതിരെ പുരപ്പുറ സോളാർ ഉടമകളുടെ കൂട്ടായ്മയായ കെ.ഡി.എസ്.പി.സി സമർപ്പിച്ച പരാതിയിലായിരുന്നു തെളിവെടുപ്പ്.
വിതരണ കമ്പനിയുടെ സ്ഥിരം ചെലവുകളിൽ ഉൾപ്പെടുത്തി ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്കാണ് ഫിക്സഡ് ചാർജ്. ഇത് നേരത്തേ കെ.എസ്.ഇ.ബിയുടെ ഗ്രിഡിൽനിന്ന് സ്വീകരിക്കുന്ന വൈദ്യുതിക്ക് (ഇംപോർട്ട്) മാത്രം വാങ്ങിയിരുന്നതാണ്. 2022 നവംബർ-ഡിസംബർ മുതൽ സോളാർ പ്ലാൻറിൽ ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നതും ഗ്രിഡിൽനിന്ന് ഉപയോഗിക്കുന്നതുമായ മൊത്തം വൈദ്യുതി കണക്കാക്കി ‘ആകെ പ്രതിമാസ ഉപഭോഗം’ എന്ന കണക്കിൽ ഫിക്സഡ് ചാർജ് ഈടാക്കി വരികയാണ്.
വീടുകളിൽ പണം മുടക്കി സജ്ജമാക്കുന്ന സോളാർ പ്ലാൻറിൽ ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്ന വൈദ്യുതിയുടെ പേരിൽ കെ.എസ്.ഇ.ബിക്ക് അധിക ചെലവ് ഒന്നുമില്ലെന്നിരിക്കെ ഈ വൈദ്യുതി കൂടി കണക്കാക്കി ഫിക്സഡ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന വാദമാണ് ഇവർ ഉന്നയിച്ചത്.
തെളിവെടുപ്പിൽ കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥർ ഹാജരായെങ്കിലും ഇവർ എതിർവാദം ഉന്നയിച്ചില്ല. കെ.എസ്.ഇ.ബി ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഹാജരായിട്ടില്ലെന്ന് അറിയിച്ചതോടെ തുടർന്നുള്ള വാദം അടുത്ത മാസത്തേക്ക് മാറ്റുകയായിരുന്നു. സോളാർ ഉൽപാദന മേഖലക്ക് തിരിച്ചടിയാവുന്ന കരട് ഊർജ ചട്ട ഭേദഗതിയിൽ നേരിട്ടുള്ള തെളിവെടുപ്പ് പ്രതിഷേധം മുന്നിൽകണ്ടാണ് കമീഷൻ ഒഴിവാക്കിയത്. ഇതിനിടെയാണ് സോളാർ ഉൽപാദകരെ ബാധിക്കുന്ന മറ്റൊരു പ്രധാന വിഷയത്തിൽ കർശന നിയന്ത്രണങ്ങളോടെയുള്ള വാദംകേൾക്കൽ.


