പഞ്ഞിക്കെട്ട് പോലെ പതഞ്ഞുപൊങ്ങി ഒഴുകി തോട്; പരിഭ്രാന്തിയിലായി നാട്ടുകാർ; കാരണം പച്ചക്കറിയിലെ വിഷാംശം കളയാൻ ഉപയോഗിക്കുന്ന രാസലായനിയെന്ന്
text_fieldsകണ്ണൂർ ഉളിക്കൽ നെല്ലിക്കാംപൊയിൽ ചെട്ടിയാർ പീടിക തോട് നുരഞ്ഞു പൊങ്ങി ഒഴുകുന്നു
ഇരിട്ടി: അൽപംമുമ്പ് വരെ തെളിവെള്ളമായി ഒഴുകിയിരുന്ന തോട് പൊടുന്നനെ പഞ്ഞിക്കെട്ട് പോലെ പതഞ്ഞുപൊങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഉളിക്കൽ നെല്ലിക്കാംപൊയിൽ ചെട്ടിയാർ പീടികയിലൂടെ ഒഴുകുന്ന തോടാണ് നുരഞ്ഞു പൊങ്ങി ഒഴുകിയത്. പച്ചക്കറിയിലെ വിഷാംശം കളയാൻ ഉപയോഗിക്കുന്ന രാസലായനിയാണ് ഇതിനിടയാക്കിയത് എന്നാണ് നിഗമനം. തോട്ടിലെ ഏതാനും മത്സ്യങ്ങൾ ചത്തുപൊങ്ങിയിട്ടുണ്ട്. ഇവയെ പരിശോധനക്ക് വിധേയമാക്കും.
സംഭവമറിഞ്ഞ് ഉളിക്കൽ പൊലീസും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. തോടിന്റെ കരയിൽ താമസിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാസലായനി ഒഴുക്കിയ വിവരം അറിഞ്ഞതെന്ന് പഞ്ചായത്തംഗം നോബിൻ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. സമീപവാസിയായ ആൾ നേരത്തെ പച്ചക്കറി കഴുകുന്ന ലായനി ഉണ്ടാക്കി വിൽപന നടത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഈ സംരംഭം നിർത്തി. തുടർന്ന് വീട്ടിൽ സ്റ്റോക്ക് ഉണ്ടായിരുന്ന ലായനിയാണ് ഇന്ന് ഇയാൾ ഒഴുക്കിയതത്രെ.