ഇ-പോസിലെ സ്കാനർ മാറ്റിയില്ല; ഭക്ഷ്യവകുപ്പിന് പിഴ
text_fieldsതിരുവനന്തപുരം: ആധാർ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന ബയോമെട്രിക് ഉപകരണങ്ങളിൽ കേന്ദ്രം നിർദേശിച്ച സ്കാനർ സ്ഥാപിക്കാൻ തയാറാകാത്തതിനാൽ സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന് പിഴയിട്ട് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). റേഷൻ കടകളിലെ ഇ-പോസ് യന്ത്രങ്ങൾ വഴി നടത്തുന്ന ഓരോ ഇടപാടിനും ഈ മാസം മുതൽ 10 പൈസ പിഴ നൽകണമെന്നാണ് നിർദേശം.
പതിനാലായിരത്തോളം റേഷൻ കടകൾ വഴി പ്രതിമാസം 85 ലക്ഷത്തിലേറെ ഇടപാടാണ് കേരളത്തിൽ നടക്കുന്നത്. കാർഡുടമ ഇ-പോസ് യന്ത്രത്തിലെ സ്കാനറിൽ വിരൽ പതിപ്പിക്കുമ്പോൾ ആധാർ അധിഷ്ഠിത സംവിധാനം വഴി അവരെ തിരിച്ചറിഞ്ഞ ശേഷമാണ് അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ ലഭിക്കുക. പിഴ നൽകണമെന്ന നിർദേശത്തിൽ കേന്ദ്രം ഉറച്ചുനിന്നാൽ ഓരോ മാസവും 8.5 ലക്ഷത്തോളം രൂപ പിഴ അടക്കേണ്ടിവരും. ഇത് മനസ്സിലാക്കി കേന്ദ്രം നിർദേശിച്ച സ്കാനർ സ്ഥാപിക്കാൻ മൂന്നുമാസത്തെ സാവകാശം കൂടി തേടി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന് കത്ത് നൽകി.
വ്യക്തികളുടെ ആധാർ അധിഷ്ഠിത വിവരങ്ങൾ ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിലും മറ്റും വിൽപനക്ക് വെച്ചതും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതും ശ്രദ്ധയിൽപെട്ടതോടെയാണ് 2022 ഏപ്രിലിൽ എൽ സീറോ വിഭാഗത്തിലെ സ്കാനറുകൾ മാറ്റി പകരം സുരക്ഷ കൂടിയതും വിവര ചോർച്ച തടയുന്നതുമായ എൻക്രിപ്റ്റഡ് സംവിധാനമുള്ള എൽ വൺ വിഭാഗം സ്കാനറുകൾ ഘടിപ്പിക്കണമെന്ന് യു.ഐ.ഡി.എ.ഐ ഉത്തരവിറക്കിയത്.
വ്യക്തിയുടെ ആധാർ വിവരങ്ങൾ പരിശോധിച്ച് സേവനങ്ങൾ നൽകുന്ന സംസ്ഥാന സർക്കാറുകൾക്കു കീഴിലെ വിവിധ വകുപ്പുകൾക്കും സ്വകാര്യ മേഖലയിലെയും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കുമായിരുന്നു നിർദേശം. എന്നാൽ, കേരളമടക്കമുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും പലതവണ സ്കാനറുകൾ മാറ്റിസ്ഥാപിക്കുന്നതിൽ സാവകാശം തേടിയതോടെ കേന്ദ്രം അയയുകയായിരുന്നു.
ഒടുവിൽ 2025 ജൂൺ 30ന് മുമ്പ് നിർബന്ധമായും സ്കാനറുകൾ മാറ്റിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് യു.ഐ.ഡി.എ.ഐ അന്ത്യശാസനം നൽകിയപ്പോഴാണ് മൂന്നുവർഷത്തിന് ശേഷം ഭക്ഷ്യവകുപ്പിൽ സ്കാനറുകൾ മാറ്റാനുള്ള ടെൻഡർ നടപടി ആരംഭിച്ചത്. പിഴ ഭയന്ന് ഈ മാസം ഒന്നിന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഡൽഹിയിലെത്തി കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സമയം നീട്ടുന്ന കാര്യത്തിൽ യാതൊരു ഉറപ്പും കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടില്ല.