മണ്ണെണ്ണയില്ലെങ്കിൽ കട കാണില്ല; റേഷൻ കടക്കാർക്കെതിരെ വടിയെടുത്ത് ഭക്ഷ്യവകുപ്പ്
text_fieldsതിരുവനന്തപുരം: കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യാത്ത റേഷൻ വ്യാപാരികൾക്കെതിരെ നടപടിക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്. മൊത്ത വ്യാപാര ഡിപ്പോകളിൽനിന്ന് മണ്ണെണ്ണ ഏറ്റെടുക്കാൻ ചില റേഷൻ വ്യാപാരികൾ തയാറാകുന്നില്ലെന്ന ജില്ല സപ്ലൈ ഓഫിസർമാരുടെ (ഡി.എസ്.ഒ) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരികളുടെ കട സസ്പെൻഡ് ചെയ്യാനും ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കം നടപടികൾ സ്വീകരിക്കാനും റേഷനിങ് കൺട്രോളർ നിർദേശം നൽകിയത്.
ഈ മാസം 21 മുതൽ റേഷൻ മണ്ണെണ്ണ വിതരണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും നിലവിലുള്ള 13,989 റേഷൻ കടകളിൽ എഴുന്നൂറിൽ താഴെ കടകളിൽ മാത്രമാണ് മണ്ണെണ്ണ വിതരണത്തിനായി എത്തിയിട്ടുള്ളൂ. വ്യാപാരികളുടെ നിസ്സഹകരണമാണ് ഇതിന് പിന്നിലെന്നാണ് ഭക്ഷ്യവകുപ്പിന്റെ ആരോപണം. എന്നാൽ സർക്കാറിന്റെ പിടിപ്പുകേടാണ് മണ്ണെണ്ണ വിതരണം പാളാൻ കാരണമെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ ആരോപണം.
നേരത്തെ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 240 മണ്ണെണ്ണ മൊത്ത വിതരണ ഡിപ്പോകളിൽ 30 ഡിപ്പോകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതേതുടർന്ന് വിതരണം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴും കാസർകോട്, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ജില്ലകളിലെ ഡിപ്പോകളിലൊന്നും മണ്ണെണ്ണ വിതരണത്തിനായി എത്തിയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.
പലയിടങ്ങളിലും കടകളിൽ ഒന്നരവർഷമുമ്പ് സ്റ്റോക്കുള്ള മണ്ണെണ്ണയാണ് വ്യാപാരികൾക്ക് കാർഡുടമകൾക്ക് നൽകുന്നത്. പ്രത്യേക ലൈസൻസുള്ള വാഹനങ്ങളിൽ മാത്രമേ മണ്ണെണ്ണ കൊണ്ടുപോകാൻ അനുമതിയുള്ളൂ എന്നതിനാൽ പ്രായോഗിക വിഷമതകൾ മാത്രമാണ് ഉദ്യോഗസ്ഥരെ വ്യാപാരികൾ അറിയിച്ചതെന്നും മണ്ണെണ്ണ വിതരണം ചെയ്യില്ലെന്ന നിലപാടില്ലെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു.