ഭക്ഷ്യവകുപ്പിന്റെ ഉത്തരവ് കാറ്റിൽപ്പറന്നു; ചൊവ്വാഴ്ച അടച്ചിട്ടത് 500ൽപരം റേഷൻകടകൾ
text_fieldsതിരുവനന്തപുരം: മാസാവസാന ദിനമായ ചൊവ്വാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കണമെന്ന ഭക്ഷ്യവകുപ്പിന്റെ ഉത്തരവ് ലംഘിച്ച് സംസ്ഥാനത്ത് റേഷൻ കടകൾ കൂട്ടത്തോടെ അടച്ചിട്ടു. 500ഓളം റേഷൻ കടകളാണ് മുന്നറിയിപ്പില്ലാതെ അടച്ചിട്ടത്. ഇതോടെ ആയിരക്കണക്കിന് കാർഡുടമകൾക്ക് സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം നഷ്ടമായി. മാസാവസാന ദിവസങ്ങളിലാണ് സംസ്ഥാനത്ത് കൂടുതൽ കാർഡുടമകളും റേഷൻ സാധനങ്ങൾ കൈപ്പറ്റുന്നത്.
ഒക്ടോബർ ഒന്നു മുതൽ മൂന്ന് വരെ റേഷൻ കടകൾക്ക് അവധിയായതിനാൽ പൊതു അവധിയായി പ്രഖ്യാപിച്ച ചൊവ്വാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കണമെന്നും സെപ്റ്റംബർ മാസത്തെ വിതരണം ചൊവ്വാഴ്ചയോടെ അവസാനിപ്പിക്കുമെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ജില്ല സപ്ലൈ ഓഫീസർമാർക്കും താലൂക്ക് സപ്ലൈ ഓഫീസർമാർക്കും അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ അറിയിപ്പ് മുഖവിലക്കെടുക്കാതെ ഒരുവിഭാഗം വ്യാപാരികൾ കടകൾ അടച്ചിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് സിവിൽ സപ്ലൈസ് കമീഷണർ കെ.ഹിമ ‘മാധ്യമ’ത്തോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 10.50വരെ 13,914 റേഷൻകടകളിൽ 13,404 എണ്ണമാണ് പ്രവർത്തിച്ചത്. എന്നാൽ, വൈകീട്ട് നാലുമണിക്ക് ശേഷം അത് 13,334 കടകളായി ചുരുങ്ങി. രാത്രി ഏഴുമണിവരെ കടകളുടെ പ്രവർത്തന സമയം നിശ്ചയിച്ചിരിക്കെ വൈകീട്ട് 6.30ഓടെ തന്നെ 750 ഓളം കടകൾ അടച്ചുപൂട്ടി. ഇതോടെ സെപ്റ്റംബറിലെ റേഷൻ വിതരണം കേവലം 76 ശതമാനത്തിൽ താഴെ മാത്രമായി ഒതുങ്ങി. ഒക്ടോബർ മാസത്തെ റേഷൻവിതരണം നാലിന് ആരംഭിക്കും.


