അടുക്കള മെനു പൊള്ളുന്നു; മീനിനും ഇറച്ചിക്കും പച്ചക്കറിക്കും തീവില
text_fieldsകൽപറ്റ: സാധാരണക്കാരന്റെ നടുവൊടിച്ച് പച്ചക്കറികൾക്കൊപ്പം മത്സ്യത്തിന്റെയും ഇറച്ചിയുടെയും വില കുതിച്ചുയരുന്നു. അവശ്യ സാധനങ്ങൾക്ക് വൻ തോതിൽ വില വർധിക്കാൻ തുടങ്ങിയതോടെ അടുക്കള മെനു വെട്ടിക്കുറക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. തേങ്ങക്ക് കിലോ വില 85 രൂപയിലേക്ക് കുതിച്ചുയർന്നതോടെ വെളിച്ചെണ്ണ വില 340 ലെത്തി. തക്കാളിക്ക് ആഴ്ചകൾക്കകം ഇരട്ടിയോളം വിലയാണ് വർധിച്ചത്. 35 രൂപയാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ച മുമ്പ് 70 മുതൽ 80 രൂപ വരെ വിലയുണ്ടായിരുന്ന ബീൻസിന് 110 മുതൽ 120 രൂപ വരേയാണ് വില.
40 രൂപ വിലയുണ്ടായിരുന്ന പയറിന്റെ ബുധനാഴ്ചത്തെ ചില്ലറ വിൽപന വില 70 രൂപയാണ്. 40 രൂപയുണ്ടായിരുന്ന വെണ്ടക്ക 70ൽ എത്തി. 60 രൂപയുണ്ടായിരുന്ന മുരിങ്ങക്ക് 120 രൂപയാണ് ഇപ്പോഴത്തെ ചില്ലറ വിൽപന വില. ഊട്ടി കാരറ്റിന് 70 രൂപയായി. ഇറച്ചിക്കും വില കുതിക്കുന്നുണ്ട്. കോഴിയിറച്ചി സീസൺ അല്ലാതിരിന്നിട്ടു കൂടി കിലോഗ്രാമിന് 200നു മുകളിലാണ്. ബുധനാഴ്ച ചില്ലറ വിൽപനയിൽ 210 മുതൽ 240 രൂപ വരെയാണ് കോഴിയിറച്ചിക്ക്.
വില കൂടിയതോടെ വിൽപനയും കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വിലവർധനവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ബീഫിനും വില വർധിച്ചിട്ടുണ്ട്. കിലോഗ്രാമിന് 320 രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 370 മുതൽ 400 രൂപ വരെയെത്തി. മീനിനും കോഴിയിറച്ചിക്കും ബീഫിനുമെല്ലാം വില കൂടിയതോടെ ഇവ ഉപയോഗിച്ച് പാകം ചെയ്യുന്ന വിഭവങ്ങൾക്കും ചില ഹോട്ടലുകൾ വില വർധിപ്പിച്ചിട്ടുണ്ട്.
പിടിവിട്ട് മീൻ
ട്രോളിങ് നിരോധനത്തിന് മുമ്പുതന്നെ മീൻ വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. കടൽ ക്ഷോഭം കാരണം പല വള്ളങ്ങളും തിരിച്ചുപോരേണ്ടി വരുന്നതും മീനിന്റെ ലഭ്യതക്കുറവുമാണ് മത്സ്യങ്ങളുടെ വില വർധനവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഏറ്റവും കൂടുതൽ ചെലവുള്ള മത്തിക്ക്(ചാള) പെരുന്നാൾ പിറ്റേന്ന് 200 രൂപയായിരുന്നു വില. എന്നാൽ ബുധനാഴ്ച ഇത് 260 രൂപയിലെത്തി.
നത്തോലി, കോര പോലുള്ള മീനുകളേക്കാൾ കൂടുതൽ വില മത്തിക്കായി. പെരുന്നാളിന് മുമ്പ് മത്തിവില 300 കടന്നിരുന്നു. കടലിൽ മത്തിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് മീൻപിടിത്തക്കാർ പറയുന്നത്. 240 രൂപയുണ്ടായിരുന്ന അയലക്ക് 300 രൂപയായി. അയക്കൂറ, ആവോലി തുടങ്ങിയ വി.ഐ.പി മീനുകൾക്കും വില വർധിച്ചു.
അയക്കൂറ കിലോക്ക് 1300 രൂപയാണ് ഇപ്പോഴത്തെ വില. ട്രോളിങ് നിരോധനം കൂടി വന്നതോടെ മത്സ്യത്തിന് ഇനിയും വില കൂടുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. തീൻ മേശകളിലെ പ്രധാന വിഭവങ്ങൾക്ക് വില കുതിച്ചുയർന്നതോടെ കുടുംബ ബജറ്റ് താളം തെറ്റാതെ പിടിച്ചുനിര്ത്താന് വീട്ടമ്മമാർ പാടുപെടും.