ലോണെടുത്ത് വീടുവെച്ചു, പിന്നാലെ അച്ഛനും അമ്മയ്ക്കും കാൻസർ; ലോണടവ് മുടങ്ങി, ജപ്തിമുനയിൽ ദുരിതജീവിതം
text_fieldsജപ്തി നോട്ടീസ് ലഭിച്ച വീട്ടിൽ അർബുദ ബാധിതരായ ശ്രീധരനും അമ്മ മീനാക്ഷിയും
ഇരിട്ടി: അർബുദ രോഗികളായ വയോധികരെയും കൊണ്ട് ഇനിയെങ്ങോട്ടു പോകണമെന്നറിയാതെ വള്ളിത്തോടെ ഒറ്റപ്ലാക്കൽ സന്തോഷിന്റെയും കുടുംബത്തിന്റെയും മുന്നിൽ ജീവിതം ചോദ്യചിഹ്നമായിരിക്കുകയാണ്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിഭീഷണിയിൽ ആകെയുള്ള വീടും നഷ്ടമാകുമെന്ന അവസ്ഥയാണ്.
ഇവർ താമസിച്ചിരുന്ന വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായപ്പോഴാണ് വായ്പയെടുത്ത് ചെറിയ വീട് നിർമിച്ചത്. ഇതിനായി ആദ്യം ജില്ല ബാങ്കിൽനിന്ന് നാലു ലക്ഷവും തികയാതെ വന്നപ്പോൾ കണ്ണൂരിലെ മണപ്പുറം ഫിനാൻസിൽനിന്ന് 10 ലക്ഷവും ലോണെടുത്തു. രണ്ടുവർഷം മുടങ്ങാതെ പണംതിരിച്ചടച്ചു. എന്നാൽ, സന്തോഷിന്റെ അച്ഛൻ ശ്രീധരനും അമ്മ മീനാക്ഷിക്കും അർബുദം പിടിപെട്ടു. ഇതോടെ, ഇവരുടെ ചികിത്സക്കായി പണം ചിലവഴിച്ചു. ഇതിനിടയിൽ മകളുടെ അസുഖത്തിനും പണം കണ്ടെത്താൻ നെട്ടോട്ടമോടി. കൂലിപ്പണി ചെയ്തിരുന്ന സന്തോഷിന് നടുവിന് അസുഖം വന്നതോടെ ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.
സന്തോഷിന്റെ ഭാര്യ സന്ധ്യ മറ്റ് വീടുകളിൽ ജോലി ചെയ്ത് കുടുംബം പട്ടിണിയില്ലാതെ മുന്നോട്ടുപോകാൻ ശ്രമിച്ചു. പക്ഷേ ഈ പ്രതിസന്ധികൾക്കിടയിൽ ബാങ്കിലേക്ക് അടക്കാനുള്ള തുക അടക്കാൻ സാധിച്ചില്ല. 21 മാസം തിരിച്ചടവ് മുടങ്ങി. ഇതോടെ ഫൈനാൻസ് അധികൃതർ നിയമനടപടിയിലേക്ക് പോയി. ചൊവ്വാഴ്ച വൈകീട്ട് ജപ്തി നടപടിയുടെ ഭാഗമായി കോടതി കമീഷൻ ലീഗൽ ജീവനക്കാർ പൊലീസിന്റെ സഹായത്തോടെ വീട് പൂട്ടി സീൽ ചെയ്യാനെത്തി. വീട്ടിൽ നിന്നും ഇവരോട് പുറത്തിറങ്ങാൻ പറഞ്ഞെങ്കിലും മക്കളെയും അർബുദ രോഗികളായ വയോധികരെയും കൊണ്ട് എങ്ങോട്ട് പോകുമെന്നാണ് ഇവർ ചോദിക്കുന്നത്. ഇവരുടെ നിസ്സഹായത കണ്ട് ഒരു മാസം കൂടി സമയം നൽകി ഫൈനാൻസ് അധികൃതർ തിരിച്ചു പോവുകയായിരുന്നു.


