വനം നിയമഭേദഗതി: പ്രതിഷേധം കത്തിയാളി; യു ടേൺ അടിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: കേരളത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന 430 പഞ്ചായത്തുകളിലെ ഒന്നേകാല്‍ കോടിയോളം കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന ജനദ്രോഹ വനംനിയമ ഭേദഗതിയിൽനിന്ന് യു ടേൺ അടിച്ച് സർക്കാർ. മലയോര-കർഷകമേഖലകളിൽനിന്ന് ശക്തമായ എതിർപ്പുയർന്നതിന് പിന്നാലെയാണ് നിർദിഷ്ട വനംഭേദഗതി നിയമത്തിൽനിന്ന് സർക്കാർ പിന്തിരിഞ്ഞത്.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു നിയമഭേദഗതിക്കും സർക്കാർ കൂട്ടുനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകുന്നെന്നും ഭേദഗതി ഉപക്ഷേിക്കുന്നെന്നും ബുധനാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. വനംഭേദഗതി ബില്ലിലെ 52, 63 വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ആശങ്ക ഉയർന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫിസർക്കും (ബി.എഫ്.ഒ), സെക്ഷൻ ഫോറസ്റ്റ് ഓഫിസർക്കും (എസ്.എഫ്.ഒ) അനിയന്ത്രിത അധികാരങ്ങൾ നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
മലയോര കാർഷിക മേഖലകളിൽ ഭേദഗതിമൂലം ഉണ്ടാകുന്ന പ്രത്യാഘാതം സംബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച ‘മാധ്യമം’ സമഗ്രവാർത്ത നൽകിയിരുന്നു. വനം ഉദ്യോഗസ്ഥർക്ക് അനിയന്ത്രിത അധികാരങ്ങൾ നൽകുന്നത് മലയോര കർഷകസമൂഹത്തിനും വനാതിർത്തികളിൽ താമസിക്കുന്നവർക്കും ഏറെ പ്രയാസങ്ങളുണ്ടാക്കുമെന്നാണ് പ്രധാന വിമർശനം. വനം സംബന്ധമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി സംശയിക്കുന്നവരെ കോടതി ഉത്തരവും വാറന്റുമില്ലാതെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വെക്കാനും അധികാരം നൽകുന്നതാണ് 52, 63 വകുപ്പുകളിലെ വ്യവസ്ഥ.
വന്യജീവി ആക്രമണമുണ്ടാകുമ്പോഴും മറ്റും വനംവകുപ്പ് ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ഈ വ്യവസ്ഥ ഉദ്യോഗസ്ഥർ ആയുധമാക്കുമെന്ന് കർഷക സംഘടനകൾ ആശങ്ക ഉന്നയിച്ചു. അറസ്റ്റിലായവരെ വേഗം അടുത്ത വനംവകുപ്പ് ഓഫിസിലോ പൊലീസ് സ്റ്റേഷനിലോ ഹാജരാക്കണമെന്നും കരട് ബില്ലിലുണ്ട്. നേരത്തെ പൊലീസുകാരെ ഏൽപിക്കാനേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടെന്ന് സംശയിക്കപ്പെടുന്നവർ പേരും താമസസ്ഥലവും വെളിപ്പെടുത്താൻ വിസ്സമ്മതിച്ചാൽപോലും വനം ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാനും പഴുതുണ്ട്. വനംവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ജനുവരി 10വരെ ലഭിച്ച പരാതികളും വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്നായിരുന്നു. ഇതും സർക്കാറിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. ആസന്നമായിരിക്കുന്ന തെഞ്ഞെടുപ്പുകളിൽ പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ടായി. ഇക്കാര്യങ്ങൾകൂടി പരിഗണിച്ചാണ് പിന്മാറ്റം.