ടേം നിബന്ധന മറക്കും, പിണറായി നയിക്കും
text_fieldsകണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ അൽപമൊന്ന് മങ്ങിയ മൂന്നാമൂഴം ഉറപ്പിക്കാൻ ടേം നിബന്ധനകൾ തൽക്കാലം മറക്കാൻ സി.പി.എം. രണ്ട് ടേം നിബന്ധന ഒഴിവാക്കി നിലവിലെ പലരെയും വീണ്ടും കളത്തിലിറക്കാനാണ് പാർട്ടിയുടെ ആലോചന. തെരഞ്ഞെടുപ്പ് പിണറായി വിജയൻ തന്നെ നയിക്കും. ധർമടത്ത് മൂന്നാം തവണയും അദ്ദേഹം മത്സരിക്കാനാണ് സാധ്യത.
യുവാക്കളെയും പുതുമുഖങ്ങളെയും കൂടുതൽ ഇറക്കിയുള്ള പരീക്ഷണത്തിനു പകരം ജയമുറപ്പിക്കുകയെന്ന ഒറ്റലക്ഷ്യമാണ് പാർട്ടിക്കു മുന്നിലുള്ളത്. ഈയൊരു ഇളവിലാണ് രണ്ട് ടേം പൂർത്തിയാക്കിയവർ വേണ്ടെന്ന ധാരണ ഒഴിവാക്കുന്നത്. ഈ മാസം 16 മുതൽ 18വരെ തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
രണ്ടാം പിണറായി സർക്കാറിലൂടെ രണ്ട് ടേം പൂർത്തിയാക്കിയ 23ൽ 21പേരും വീണ്ടും മത്സരിക്കുമെന്നാണ് സൂചനകൾ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിക്കില്ലെന്നു മാത്രമാണ് ഇപ്പോൾ ഉറപ്പിച്ചുപറയാവുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനോ എം.വി. നികേഷ് കുമാറോ ആയിരിക്കും ഇവിടെ മത്സരിക്കുക. എം.വി. ഗോവിന്ദനുപുറമെ എം.എം. മണി, മുകേഷ്, ടി.പി. രാമകൃഷ്ണൻ എന്നിവരാകും മാറിനിൽക്കുന്ന മറ്റുള്ളവർ. എതിർ സ്ഥാനാർഥികൾക്കനുസരിച്ച് ഇതിലും മാറ്റമുണ്ടാകാം.
പ്രായവും ആരോഗ്യവും കണക്കിലെടുത്ത് പിണറായി വിജയൻ മാറിനിൽക്കുമെന്നായിരുന്നു അടുത്ത കാലംവരെ പാർട്ടി കേന്ദ്രങ്ങളിൽനിന്ന് കേട്ടിരുന്നത്. എന്നാൽ, പറയുന്നത്ര ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തിനില്ലെന്നതാണ് അതേ കേന്ദ്രങ്ങൾ ഇപ്പോൾ പറയുന്നത്.
നയിക്കാൻ പിണറായിക്ക് ഒത്ത മറ്റൊരാളില്ലെന്നതാണ് പാർട്ടിയെ കുഴക്കുന്നത്. ധർമടത്ത് മത്സരിക്കാതെ നയിക്കാമെന്ന ആലോചനയും ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥി തന്നെ നയിക്കുന്നതാണ് നല്ലതെന്ന നിലക്കാണ് മത്സരസാധ്യത വർധിപ്പിക്കുന്നത്. തുടർഭരണമില്ലെങ്കിൽ പ്രതിപക്ഷ നേതാവായി മറ്റൊരാളെയും പരീക്ഷിക്കാമല്ലോ എന്നാണ് നേതാക്കൾ പറയുന്നത്.


