മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം: കുറ്റപത്രം ഉടൻ
text_fieldsകെ. നവീൻ ബാബു
കണ്ണൂർ: മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളിയതോടെ കേസിൽ കുറ്റപത്രം നൽകാനുള്ള തിരക്കിട്ട നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ഒരാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. നവീൻ ബാബു മരിച്ചിട്ട് അഞ്ചുമാസം പൂർത്തിയാവാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകേണ്ട എന്ന നിലപാടിലാണ് അന്വേഷണ സംഘം.
എ.ഡി.എമ്മിന്റെ മരണം ആത്മഹത്യയെന്ന നിലക്കുതന്നെയാണ് അന്വേഷണ നടപടികൾ പൂർത്തിയാക്കിയത്. കേസിലെ ഏക പ്രതിയായ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കേസാണ് ചുമത്തിയത്. എ.ഡി.എമ്മിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളുന്ന കാര്യങ്ങളാണ് കുറ്റപത്രത്തിലുള്ളതെന്നാണ് സൂചന.
കണ്ണൂർ എ.ഡി.എമ്മായിരിക്കെ കഴിഞ്ഞവർഷം ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൂന്നുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുകയെന്ന നിലക്കാണ് അന്വേഷണ സംഘം മുന്നോട്ടുപോയത്. അതിനിടെയാണ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈകോടതിയെ സമീപിച്ചത്. കേസ് ഡയറി ഉൾപ്പടെയുള്ള വിശദ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചതോടെ കുറ്റപത്രം നൽകുന്ന നടപടികൾ നിർത്തിവെച്ചു. സി.ബി.ഐ അന്വേഷണ ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയെങ്കിലും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചതോടെ കുറ്റപത്രം സമർപ്പിക്കുന്നത് വീണ്ടും തടസ്സപ്പെട്ടു. കണ്ണൂർ ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമീഷണർ, ടൗൺ എസ്.എച്ച്.ഒ എന്നിവരുൾപ്പെടുന്ന ഏഴംഗ സംഘമാണ് കേസന്വേഷിക്കുന്നത്.