Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സ്വർണക്കൊള്ളയിൽ...

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്റ്റിൽ

text_fields
bookmark_border
n vijayakumar
cancel
Listen to this Article

തിരുവനന്തപുരം: ശബരിമല കട്ടിളപ്പടിയിലെ സ്വർണക്കവർച്ചക്കേസിൽ മുൻ ദേവസ്വം ഭരണസമിതി അംഗവും സി.പി.എം നേതാവുമായ എൻ. വിജയകുമാർ അറസ്റ്റിൽ. തിങ്കളാഴ്ച ഈഞ്ചക്കലിലെ എസ്.ഐ.ടി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന കാലത്ത് ഭരണസമിതി അംഗമായിരുന്നു വിജയകുമാർ. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ വിജയകുമാറിനെ അടുത്ത മാസം 12 വരെ റിമാൻഡ് ചെയ്തു. വിജയകുമാറിന്‍റെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.

വിജയകുമാറിനും മറ്റൊരു അംഗം കെ.പി. ശങ്കർദാസിനും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എസ്.ഐ.ടി നോട്ടീസ് നൽകിയിരുന്നെങ്കിലും ഇരുവരും മുൻകൂർ ജാമ്യം നേടി കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഇവരുടെ ജാമ്യഹർജിയിൽ വിധിവരുന്നത് വരെ കാക്കാനായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്‍റെ തീരുമാനം. എന്നാൽ, നാടകീയമായി മുൻകൂർജാമ്യ ഹർജി പിൻവലിച്ചുകൊണ്ട് വിജയകുമാർ കീഴടങ്ങുകയായിരുന്നു. കുടുംബത്തിന്‍റെ നിർദേശപ്രകാരമാണ് കീഴടങ്ങലെന്നും സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.

ശബരിമലയിൽനിന്ന് 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ കട്ടിളപ്പടിയിലെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ സ്വർണം പൂശാനെന്ന പേരിൽ അനധികൃതമായി പുറത്തേക്ക് കൊണ്ടുപോയത് അന്നത്തെ ദേവസ്വം ഭരണസമിതിയുടെ ഒത്താശയോടുകൂടിയായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ശ്രീകോവിലിന്‍റെ കട്ടിളപ്പടികളിലും അതിനോട് ചേർന്ന പ്രഭാമണ്ഡലത്തിലും 1998ൽ വിജയ് മല്യയുടെ സ്പോൺസർഷിപ്പിൽ സ്വർണം പൊതിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്‍റായ പത്മകുമാറിനും ഭരണസമിതി അംഗങ്ങളായ കെ.പി. ശങ്കർദാസിനും എൻ. വിജയകുമാറിനും അറിവുണ്ടായിരുന്നു.

സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റായിരുന്ന വിജയകുമാർ 2018 നവംബറില്‍ കെ. രാഘവന്‍റെ ഒഴിവിലേക്കാണ് ദേവസ്വം ബോർഡില്‍ സി.പി.എം പ്രതിനിധിയായി വരുന്നത്.

Show Full Article
TAGS:Sabarimala Gold Missing Row travancore devaswom board Sabarimala Latest News 
News Summary - Former Devaswom Board member N. Vijayakumar arrested in Sabarimala gold missing row
Next Story