അട്ടപ്പാടിയിൽ യാതൊരു കൈവശരേഖയുമില്ലാതെ 378 ഏക്കർ ഭൂമിക്ക് നികുതി സ്വീകരിച്ചത് പുതൂർ മുൻ വില്ലേജ് ഓഫിസർ ഗോപകുമാർ
text_fieldsഅട്ടപ്പാടിയിൽ എം.ജി. രാജമാണിക്യം എത്തിയപ്പോൾ
തൃശൂർ: അട്ടപ്പാടിയിൽ യാതൊരു കൈവശരേഖയും ഇല്ലാതെ 378 ഏക്കർ ഭൂമിക്ക് നികുതി സ്വീകരിച്ചത് പുതൂർ മുൻ വില്ലേജ് ഓഫിസർ ഗോപകുമാർ അടക്കമുള്ള ജീവനക്കാരെന്ന് റിപ്പോർട്ട്. ട്രൈബൽ താലൂക്ക് ഭൂരേഖ തഹസിൽദാർ പാലക്കാട് കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൈവശവസ്തുവിനെ സ്ഥിര തണ്ടപ്പേര് നൽകിയതിനു ശേഷം മാത്രം ഭൂനികുതി സ്വീകരിക്കണമെന്ന സർക്കാരിന്റെയും ജില്ല കലക്ടറുടെയും കർശന നിർദേശം ഉണ്ടായിട്ടും പുതൂർ വില്ലേജിലെ 1130, 1131,1132 ,1134, 1135, 1136, 1137 എന്നീ സർവേ നമ്പർ നമ്പറുകളിൽ 378 ഏക്കർ ഭൂമിക്ക് രേഖയില്ലാതെ നികുതിയടച്ചു നൽകി.
ഈ ഭൂമിക്ക് യാതൊരു കൈവശരേഖയോ ആധാരമോ ഇല്ല എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തമിഴ്നാട്ടിലെ ഏകദേശം 50 ഓളം ആളുകളുടെ പേരിലാണ് പുതൂർ വില്ലേജിൽ ഓഫിസറിൽ നിന്ന് താൽകാലിക തണ്ടപ്പേർ സ്വീകരിച്ച് പട്ടയം അനുവദിക്കുന്നതിന് എസ്.എം കേസുകൾ ബുക്ക് ചെയ്തത്. അട്ടപ്പാടി ലാൻഡ് ട്രൈബ്യൂണലിലെ രേഖകൾ പിരശോധിച്ചതിൽ തമിഴ്നാട്ടിലെ ആളുകളുടെ പേരിലാണ് എസ്.എം റിപ്പോർട്ട് ചമച്ചിരിക്കുന്നത്. ഭൂമിക്ക് നികുതി അടിച്ച് നൽകി ഇവരുടെ പേരിൽ പട്ടയം അനുവദിക്കുന്നതിനായി റിപ്പോർട്ട് നൽകുകയും ചെയ്തു.
എ.ഐ.ഡി.എം.കെ (ഒ.പി.എസ്) വിഭാഗം സംസ്ഥാന സെക്രട്ടറി എന്ന അവകാശപ്പെടുന്ന മണികണ്ഠൻ എന്നയാളാണ് ഇതിനുവേണ്ടി സ്വാധീനം ചെലുത്തിയത്. അദ്ദേഹത്തിന്റെ പേരിൽ അഞ്ചോ പത്തോ ആളുകൾ അടങ്ങുന്ന ഗ്രൂപ്പ് ഒന്നിച്ച് നൽകിയ 20ഓളം പവർ അറ്റോണി ചമച്ചിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. മണികണ്ഠന്റെ പേരിലോ അയാൾ നിർദേശിക്കുന്ന ആളുകളുടെ പേരിലോ ഈ ഭൂമി രജിസ്റ്റർ ചെയ്ത് നൽകുന്നതിനുള്ള കാരാറും എസ്.എം അപേക്ഷകരിൽ നിന്ന് വാങ്ങി. പുതൂർ വില്ലേജിൽപ്പെട്ട 378 ഏക്കർ ഭൂമി തട്ടിപ്പ് നടത്തുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഒറ്റപ്പാലം സബ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
പുതൂർ വില്ലേജിൽ വിവധ സർവേ നമ്പറികളിൽപ്പെട്ട ഭൂമിയിൽ ഒരുകാലത്തും കൈവശാവകാശ രേഖകളോ ഇല്ലാതെ സമീപകാലത്ത് വില്ലേജ് ജീവനക്കാരെ സ്വാധീനിച്ച് സംസ്ഥാനത്തിന് പുറത്തുള്ള വ്യക്തികളുടെ പേരിൽ താൽകാലിക തണ്ടപ്പേർ നൽകുകയാണ് ചെയതത്. വില്ലേജ് ഓഫിസിലെയും അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസിലെയും വനംവകുപ്പ് ഓഫിസിലെയും ബന്ധപ്പെട്ട രേഖകളുടെ പരിശോധനയും പ്രദേശവാസികളുടെ മൊഴിയും അടിസ്ഥാനപ്പെടുത്തി വിശദമായ റിപ്പോർട്ട് തയാറാക്കാനാണ് സബ് കലക്ടർ നിർദേശം നൽകിയത്.
പുതൂർ വില്ലേജിലെ കിണ്ണക്കര എന്ന സ്ഥലത്ത് ഏതാനും ഹെക്ടർ ഭൂമി അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ഇ.എഫ്.എൽ ആയി ഏറ്റെടുത്തിട്ടുള്ളതാണ്. ഈ സർവേ നമ്പരുകളിൽപ്പെട്ട സ്ഥലങ്ങൾ ആദിവാസി ഭൂമി, വനഭൂമി എന്നിവയോട് ചേർന്ന് കിടക്കുന്നതാണ്. ഈ സ്ഥലങ്ങൾക്കാണ് താൽകാലിക തണ്ടപ്പേരിൽ വില്ലേജ് ഓഫിസിൽ നിന്ന് നികുതിയടച്ച് നൽകി.
2020 മുതൽ 2024 വരെ ഉദ്ദേശം 134 അപേക്ഷകൾ മുൻ വില്ലേജ് ഓഫിസർ എസ്.എം റിപ്പോർട്ട് നൽകി. അത് പ്രകാരമാണ് 378 ഏക്കറിലധികം ഭൂമി വരുമെന്ന് പുതിയ വില്ലേജ് ഓഫിസർ റിപ്പോർട്ട് ചെയ്തു. ഈ ഭൂമിയുമായി ബന്ധപ്പെട്ട യഥാർഥ കക്ഷികൾ ആരും വില്ലേജ് ഓഫിസിൽ വന്നിട്ടില്ല. കക്ഷിയിൽ നിന്ന് പവർ അറ്റോണി ലഭിച്ചുവെന്ന് അവകാശപ്പെടുന്ന മണികണ്ഠൻ എന്നയാൾ മാത്രമാണ് ഓഫിസിൽ എത്തിയത്.
ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന കക്ഷികൾ തന്നെയാണോ യഥാർഥ ഉടമസ്ഥർ എന്നറിയില്ല. 378 വരുന്ന ഭൂമിക്ക് പുതൂർ മുൻ വില്ലേജ് ഓഫിസർ ഗോപകുമാർ അടക്കമുള്ള ജീവനക്കാർ താൽകാലിക തണ്ടപ്പേർ നൽകി നികുതിയടച്ച് നൽകിയത് റദ്ദ് ചെയ്യണമെന്ന് വില്ലേജ് ഓഫിസർക്ക് നിർദേശം നൽകി. എസ്.എം അപേക്ഷകളിന്മേലുള്ള നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകി.