സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ നാലുപേർ കൂടി അറസ്റ്റിൽ
text_fieldsജോസഫ് മാത്യു, റോയ് എബ്രഹാം, ഫൈസി മുഹമ്മദ് ഫാസിൽ
കട്ടപ്പന: ഇടുക്കിയിലെ പാറമടകളിലേക്ക് അനധികൃതമായി സ്‌ഫോടക വസ്തുക്കൾ കടത്തിയ കേസിൽ നാലുപേർ കൂടി അറസ്റ്റിൽ. കോട്ടയം തീക്കോയി നടക്കൽ കരയിൽ വെള്ളാപ്പള്ളിയിൽ ഫൈസി മുഹമ്മദ് ഫാസിൽ (42), കൽതൊട്ടി സ്വദേശി മനോജ് എന്ന് വിളിക്കുന്ന ജോസഫ് മാത്യു (45), കൽതൊട്ടി കടുപ്പിൽ റോയി എബ്രഹാം (46), പൂപ്പാറ പടിക്കപാടത്ത് ബിജു മാണി(43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഫൈസി മുഹമ്മദ് ഫാസിലിനെ വണ്ടൻമേട് പൊലീസും ജോസഫ് മാത്യു, റോയി എബ്രഹാം എന്നിവരെ ഉപ്പുതറ പൊലീസും ബിജു മാണിയെ ശാന്തൻപാറ പൊലീസുമാണ് അറസ്റ്റു ചെയ്തത്.
ഇവരിൽ നിന്ന് 68 ജലറ്റിൻ സ്റ്റിക്കുകളും 133 ഇലക്ട്രിക് ഡിറ്റനേറ്ററുകളും കണ്ടെത്തി. 210 ഡിറ്റനേറ്ററുകളാണു വാങ്ങിയതെന്ന് ഉപ്പുതറയിൽ നിന്നു പിടിയിലായവർ മൊഴി നൽകി. ബാക്കിയുള്ളവ ഉപയോഗിച്ചു. പാറഖനന, കിണർനിർമാണ തൊഴിലാളികളായ ഇവർ കുളം നിർമാണത്തിനായാണ് ഇവ വാങ്ങിയത്. കുളം നിർമാണം നടക്കുന്ന സ്ഥലത്തിന്റെ ഉടമകളും ഉപ്പുതറ വളകോട് സ്വദേശികളുമായ സജി വർഗീസ്, പ്രിൻസ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇടുക്കിയിലെ പാറമടകളിലേക്ക് അനധികൃതമായി കടത്തിയ സ്‌ഫോടക വസ്തുശേഖരം ശനിയാഴ്ച വണ്ടൻമേട് പൊലീസാണ് പിടിച്ചെടുത്തത്. കേസിൽ ഈരാറ്റുപേട്ട നടയ്ക്കൽ കണ്ടത്തിൽ ഷിബിലി (43)യെ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടക വസ്തുക്കൾ കൈമാറിയത് ഈരാറ്റുപേട്ട സ്വദേശി ഫൈസി മുഹമ്മദ് ഫാസിൽ ആണെന്നാണ് ഇയാൾ മൊഴി നൽകിയത്. തുടർന്ന് ഈരാറ്റുപേട്ട പൊലീസിന്റെ സഹായത്തോടെയാണ് ഫാസിലിനെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച കട്ടപ്പന പുളിയന്മലക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ജീപ്പിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടി കൂടിയത്. 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളുമാണ് ജീപ്പിലുണ്ടായിരുന്നത്. ഈ കേസിൽ ഷിബിലിക്ക് ഈരാറ്റുപേട്ടയിൽ കെട്ടിടം വാടകക്ക് നൽകിയ ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് പാറയിൽ വീട്ടിൽ പി.എ. ഇർഷാദി(50)നെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.