തെരുവുനായ്ക്കൾ ജീവനെടുക്കുമ്പോഴും എ.ബി.സിയില്ലാതെ നാലു ജില്ലകൾ
text_fieldsകൊച്ചി: തെരുവുനായ്ക്കളുടെ അക്രമവും ഇതുമൂലം ജീവൻ നഷ്ടമാവുന്നവരുടെ എണ്ണവും നാൾക്കു നാൾ വർധിക്കുമ്പോഴും നാലു ജില്ലകളിൽ പേരിനു പോലും അനിമൽ ബർത്ത് കൺട്രോൾ സെൻററില്ല(എ.ബി.സി). ഒന്നോ അതിലധികമോ എ.ബി.സികളുള്ള ജില്ലകളിലും പ്രവർത്തനം പേരിന് മാത്രം.
പ്രവൃത്തി പരിചയമുള്ള ഡോഗ് ക്യാച്ചേഴ്സിന്റെ കുറവ്, കരാർ ജീവനക്കാർക്ക് വേതനം കൃത്യമായി നൽകാനാവാത്തത്, അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച തദ്ദേശവാസികളുടെ എതിർപ്പ് തുടങ്ങിയ ഘടകങ്ങൾ എ.ബി.സി പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പു തന്നെ സമ്മതിക്കുന്നു.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലാണ് എ.ബി.സി സെൻററുകൾ തുറക്കാത്തത്. ഇതിൽ ചിലയിടത്ത് നിർമാണം നടക്കുന്നുണ്ടങ്കിലും മലപ്പുറം ജില്ലയിൽ ഇതിനുള്ള സ്ഥലം പോലും ലഭ്യമായിട്ടില്ല. വിവിധ ജില്ലകളിലായി 16 സെൻററുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
സംസ്ഥാനത്ത് ലക്ഷക്കണക്കിന് തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നുണ്ടെങ്കിലും ഒമ്പതു വർഷത്തിനിടെ 1.19 ലക്ഷം തെരുവുനായ്ക്കളെ മാത്രമാണ് വന്ധ്യംകരിച്ചതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മനുഷ്യാവകാശ കമീഷനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2016 മുതൽ 2025 മാർച്ച് വരെയുള്ള കണക്കാണിത്. കഴിഞ്ഞ ഏഴുമാസത്തിനിടെ 11,193 തെരുവുനായ്ക്കളെയാണ് വന്ധ്യംകരണത്തിന് വിധേയമാക്കിയത്. 2019ലെ ലൈവ് സ്റ്റോക് സെൻസസ് പ്രകാരം മാത്രം കേരളത്തിൽ മൂന്നു ലക്ഷത്തോളം തെരുവുനായ്ക്കളുണ്ട്. ആറു വർഷത്തിനിടെ തെരുവുനായ്ക്കളുടെ എണ്ണത്തിൽ വീണ്ടും വൻ വർധനയുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെ മാത്രം 1,31,244 പേരെ തെരുവുനായ് കടിച്ചതായി ആരോഗ്യവകുപ്പ് ബാലാവകാശ കമീഷനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴു മാസത്തിനിടെ ഒരു ലക്ഷത്തിൽ താഴെ തെരുവുനായ്ക്കൾക്കാണ് വാക്സിനേഷൻ നൽകിയത്- 93,295 എണ്ണം.
ഇതിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്-19,644. ആലപ്പുഴ-16,579, മലപ്പുറം-12,947 നായ്ക്കളെയും വാക്സിനേഷന് വിധേയമാക്കി. ഏറ്റവും കുറവ് വാക്സിനേഷൻ നടന്നത് കണ്ണൂരിലും തൊട്ടുമുന്നിൽ ഇടുക്കിയുമാണ്. യഥാക്രമം 156 ഉം 591ഉം.
സംസ്ഥാനത്ത് തെരുവുനായ് വന്ധ്യംകരണ പ്രവർത്തനത്തിലെ താളപ്പിഴ മൂലം നിരവധി ജീവനുകൾ നഷ്ടമാവുന്നതു സംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല മനുഷ്യാവകാശ കമീഷനു നൽകിയ പരാതിയെ തുടർന്നാണ് കമീഷൻ തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന് റിപ്പോർട്ട് തേടിയത്.
ജില്ലകളിലെ എ.ബി.സി കേന്ദ്രങ്ങൾ
01. തിരുവനന്തപുരം: പേട്ട, തിരുവല്ലം
02. കൊല്ലം: അഞ്ചാലുംമൂട്
03. പത്തനംതിട്ട: ഇല്ല
04. ആലപ്പുഴ: കണിച്ചുകുളങ്ങര
05. കോട്ടയം: കോടിമത
06. ഇടുക്കി: ഇല്ല
07. എറണാകുളം: കൊച്ചി, മുളന്തുരുത്തി, വടവുകോട്
08. തൃശൂർ: കോർപറേഷൻ
09. പാലക്കാട്: പാലക്കാട്, ചിറ്റൂർ, ആലത്തൂർ
10. മലപ്പുറം: ഇല്ല
11. കോഴിക്കോട്: ജില്ല പഞ്ചായത്ത്, കോർപറേഷൻ, പനങ്ങാട്
12. വയനാട്: സുൽത്താൻ ബത്തേരി
13. കണ്ണൂർ: പാടിയൂർ
14. കാസർകോട്: ഇല്ല