നാല് വർഷം; ന്യൂനപക്ഷ വകുപ്പ് പാഴാക്കിയത് 21.67 കോടി
text_fieldsസംസ്ഥാന ന്യൂനപക്ഷ വകുപ്പ്
മലപ്പുറം: വെട്ടിക്കുറക്കപ്പെട്ട ബജറ്റ് വിഹിതം പോലും ചെലവഴിക്കാതെ സംസ്ഥാന ന്യൂനപക്ഷ വകുപ്പ്. കഴിഞ്ഞ നാല് വർഷത്തെ വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ 21.67 കോടി രൂപ പാഴാക്കിയതായി നിയമസഭ രേഖകൾ പറയുന്നു. 2020 മുതൽ 2024 വരെ വർഷങ്ങളിൽ, ന്യൂനപക്ഷ വകുപ്പിന്റെ ആകെ ബജറ്റ് വിഹിതം 104.84 കോടി രൂപയായിരുന്നു. ഇതിൽ ചെലവഴിച്ചത് 83.13 കോടി രൂപ മാത്രമാണ്. വകുപ്പിന്റെ ഗുരുതര അലംഭാവമാണ് ബജറ്റ് വിഹിതം പോലും ഗുണഭോക്താക്കളിലേക്ക് എത്താതെ പോകാൻ കാരണമായതെന്നാണ് ആക്ഷേപം.
2020-21 ലെ ബജറ്റ് വിഹിതത്തേക്കാൾ, തൊട്ടടുത്ത വർഷത്തെ അലോട്ട്മെന്റിൽ 17.65 കോടി രൂപയുടെ കുറവുണ്ടായത് സർക്കാറിന് ന്യൂനപക്ഷ വകുപ്പിനോടുള്ള മോശം സമീപനത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020-21ൽ 39.41 കോടി രൂപയായിരുന്നു വകുപ്പിന്റെ വിവിധ പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം. ആ വർഷം ചെലവഴിച്ചത് 32 കോടിയാണ്. 2021-22ൽ ബജറ്റിൽ നീക്കിവെച്ചത് 21.76 കോടി രൂപ. ഇതിൽ ചെലവഴിച്ചതാവട്ടെ 17.39 കോടി രൂപ. 4.36 കോടി പാഴായി. 2021-23ൽ ന്യൂനപക്ഷ പദ്ധതികൾക്ക് ബജറ്റിൽ നീക്കിവെച്ചത് 21.76 കോടി രൂപയാണ്. ഇതിൽ വിനിയോഗിച്ചതാവട്ടെ 16.42 കോടി. 5.33 കോടി നഷ്ടമായി. 2023-24ൽ ബജറ്റ് വിഹിതമായി നീക്കിവെച്ചത് 21.91 കോടി രൂപയും ചെലവഴിച്ചത് 17.32 കോടി രൂപയുമാണ്.
4.58 കോടി രൂപ പാഴായി. 2021-22ൽ അസാപ് മുഖേന നൈപുണ്യ പരിശീലന പദ്ധതി സ്കീമിന് ബജറ്റിൽ തുക നീക്കിവെച്ചിരുന്നെങ്കിലും പദ്ധതി നടപ്പാക്കിയില്ലെന്ന് വകുപ്പുമന്ത്രി വി. അബ്ദുറഹിമാന്റെ നിയമസഭ മറുപടിയിലുണ്ട്. 2022-23ൽ ബജറ്റിൽ തുക നീക്കിവെച്ചിരുന്ന എൻ.ടി.എസ്.ഇ പരിശീലനപദ്ധതിയും കടലാസിലൊതുങ്ങി. 2023-24ൽ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ കുടിവെള്ള വിതരണ പദ്ധതിയിലും ഫണ്ട് വിനിയോഗിച്ചില്ലെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.
2024-25ലെ ബജറ്റ് വിഹിതത്തിൽ ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ/വിവാഹമോചിതർ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള സ്വയംതൊഴിൽ പദ്ധതിക്ക് അഞ്ച് കോടി രൂപ നീക്കിവെച്ചിരുന്നെങ്കിലും ഒരു രൂപ പോലും വിനിയോഗിച്ചില്ലെന്ന് നിയമസഭ രേഖകളിലുണ്ട്. 2020-21ൽ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാമിന് ബജറ്റിൽ വകയിരുത്തിയത് 1.20 കോടി രൂപയാണ്, ചെലവഴിച്ചതാവട്ടെ 4.24 ലക്ഷവും.


